തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിയെ വിളിച്ച് തൊഴുത് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ ട്വന്റി20 കളിക്കാന്‍ തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു താരത്തിന്‍റെ ക്ഷേത്രദര്‍ശനം. എന്‍റെ ശ്രീപദ്മനാഭാ എന്ന് വിളിച്ചുതൊഴുന്ന താരത്തിന്‍റെ ചിത്രം ജനശ്രപദ്ധ പിടിച്ചുപറ്റി.
പദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനുള്ള ആഗ്രഹം കേശവ് പ്രകടിപ്പിച്ചപ്പോള്‍ താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷനിസ്റ്റും സുരക്ഷാ ജീവനക്കാരും അമ്പരന്നു. അതൊരു ഹിന്ദു ക്ഷേത്രമാണെന്നും ഇതരമതസ്ഥര്‍ക്ക് പ്രവേശനം ഇല്ലെന്നും പറഞ്ഞ അവരുടെ മുന്നില്‍ മറുപടിയായി കേശവ് മഹാരാജ് ചൊല്ലിയത് ഹനുമാന്‍ ചാലീസ. തുടര്‍ന്ന് കേശവിനും ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ഫിസിയോതെറാപ്പിസ്റ്റ് ക്രെയ്ഗ് ഗോവെന്ദറിനും മുണ്ടും നേര്യതും നല്കുകയും ഭഗവാനെ കാണിക്കാന്‍ ഗൈഡായി ഹോട്ടലിന്‍റെ ജനറല്‍ മാനേജര്‍ നേരിട്ട് പോവുകയുമായിരുന്നു.
1874 -ല്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലേയ്ക്ക് കുടിയേറിയ കുടുംബത്തിലാണ് കേശവ് മഹാരാജ് ജനിച്ചത്. അച്ഛന്‍ ആത്മാനന്ദ് മഹാരാജ്. അമ്മ കാഞ്ചന മാല. 1990 ല്‍ ജനനം. ഇന്ത്യന്‍ വംശജയായ ലെറിഷ മുനി സ്വാമിയാണ് ഭാര്യ.
Discussion about this post