തിരുവനന്തപുരം: കെ റെയിലിനായി സാമൂഹികാഘാത പഠനം നടത്തുന്ന ഏജൻസികളുടെ കാലാവധി നീട്ടുന്നതിനുള്ള പുനർവിജ്ഞാപനം ഇറക്കിയില്ല. ഇതോടെ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ ട്രാക്കിൽ നിന്നും പുറത്തേക്ക് നീങ്ങുന്നു. കെ റെയിലിനായി ഭൂമി ഏറ്റെടുക്കുന്നതിനു മഞ്ഞ കല്ലുകൾ സ്ഥാപിക്കുകയും തുടർന്ന് വൻ പ്രതിഷേധം ഉടലെടുത്തതോടെ സാമൂഹികാഘാത പഠനമാണ് നടക്കുന്നതെന്നും ഭൂമി ഏറ്റെടുക്കാൻ അല്ലെന്നും വ്യക്തമാക്കിയിരുന്നു. സാമൂഹികാഘാത പഠനത്തിന് ആധുനിക സംവിധാനങ്ങൾ ഉണ്ടായിരിക്കെ കല്ലിടുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദ്യം ഉന്നയിച്ചതോടെ കല്ലിടുന്നത് പകരം സാമൂഹികാഘാത പഠനത്തിന് ജിയോ ടാഗിങ്ങിന് ഏജൻസികളും നിശ്ചയിച്ചു. റവന്യു വകുപ്പിൽ നിന്നും ജീവനക്കാരെയും വിട്ടു നൽകിയിരുന്നു. എന്നാൽ പഠനം എങ്ങും എത്തിയില്ല. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന കാലാവധിയും അവസാനിച്ചു. പുനർവിജ്ഞാപനം ഇറക്കിയതുമില്ല. ഇത് സംബന്ധിച്ച ഫയൽ റവന്യു വകുപ്പിൽ നിന്നും മുഖ്യമന്ത്രിയുടെ അടുത്തെത്തിയിട്ടും നടപടിക്രമങ്ങൾ ഒന്നും ആയില്ല. ഇതോടെ രണ്ടുമാസമായി വെറുതെ ഇരിക്കുന്ന റവന്യു ഉദ്യോഗസ്ഥരെ പിൻ വലിക്കാൻ ആലോചിക്കുന്നു.
പദ്ധതിക്ക് വേണ്ട പണം ഓഹരി വിപണിയിലൂടെ കണ്ടെത്താനാകുമെന്ന് സർക്കാർ കരുതിയെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകാത്തതിനാൽ നടന്നില്ല. ഇതോടെ പദ്ധതിയുമായി മുന്നോട്ട് പോകണോ എന്നും സർക്കാർ ആലോചിച്ചു തുടങ്ങി. കേന്ദ്ര റെയിൽവേ മന്ത്രാലയം വന്ദേ ഭാരത് ട്രെയിനുകൾ ഓടിച്ചു തുടങ്ങി. കെ റെയിലിനു സമാനമായി ട്ടുള്ളതാണ് വന്ദേഭാരത് ട്രെയിനും. അതിനാൽ വൻ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്ന പദ്ധതിയിൽ നിന്നും പിൻവാങ്ങുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നണ്ട്. പദ്ധതി നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ലെന്ന് കെ റെയിൽ അറിയിച്ചു. പുനർവിജ്ഞാപനം നടത്താത്തതിനാലാണ് സാമൂഹികാഘാത പഠനം നിർത്തിവച്ചിരിക്കുന്നതെന്നും അറിയിച്ചു.
Discussion about this post