തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ലോകായുക്തയ്ക്ക് ലഭിച്ച പരാതിയിന്മേൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർക്ക് ലോകായുക്ത അയച്ച നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കുറ്റക്കാർക്കെതിരെ അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിട്ടു.
ആരോഗ്യ സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കമുള്ളവർ നൽകിയ ഹർജിയാണ് തള്ളിയത്. ലോകായുക്ത നോട്ടീസിന് ശൈലജ അടക്കമുള്ളവർ 11 ദിവസത്തിനകം നോട്ടീസ് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കരാറുണ്ടാക്കുകയായിരുന്നു. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് കിട്ടുമെന്നിരിക്കെ അഴിമതി ലക്ഷ്യംവച്ച് ഒരു കടലാസുകമ്പനിയുടെ പേരില്‍ കരാര്‍ ഒപ്പുവയ്ക്കുകയായിരുന്നു.
പിപിഇ അഴിമതിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക വീണ എസ്.നായരാണ് ലോകായുക്തയെ സമീപിച്ചത്. പിപിഇ കിറ്റുകള്‍ക്കു പുറമേ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലും അഴിമതി നടന്നതായി പരാതിയില്‍ ആരോപിക്കുന്നു. ചട്ടങ്ങള്‍ പാലിക്കാതെ മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ ഖജനാവിനു വലിയ നഷ്ടമുണ്ടായി. മന്ത്രിയായിരുന്ന ശൈലജയുടെ അറിവോടെയാണ് ഇടപാടുകള്‍ നടന്നത്. വിപണി നിരക്കിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണു സ്വകാര്യ കമ്പനികളില്‍ നിന്നു പിപിഇ കിറ്റുകള്‍ വാങ്ങിയത്. സാധാരണഗതിയില്‍ സാധനങ്ങള്‍ വിതരണം ചെയ്‌ത ശേഷമാണു പണം അനുവദിക്കുക. കിറ്റുകള്‍ വിതരണം ചെയ്യുന്നതിനു മുന്‍പു തന്നെ കമ്പനിക്ക് 9 കോടി രൂപ അനുവദിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post