അമ്പലപ്പുഴ: വികസന വാഗ്ദാനം കടലാസിൽ ഒതുങ്ങി. വഴി ഇല്ലാത്തതിനെ തുടർന്ന് മരണപ്പെട്ട വീട്ടമ്മയുടെ മൃതദേഹം ചുമന്നത് രണ്ട് കിലോമീറ്ററോളം ദൂരത്തിൽ. തകഴി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ബാധിച്ച് മരണമടഞ്ഞ വാര്യത്ത് നൂറു പറച്ചിറ വീട്ടിൽ കാഞ്ചന (75) യുടെ മൃതദേഹമാണ് കോന്തങ്കരി പാലം മുതൽ പരേതയുടെ വീടു വരെ രണ്ടു കിലോമീറ്ററോളം ദൂരത്തിൽ ചുമക്കേണ്ടി വന്നത്.
ലോക് സഭാ – നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ പ്രദേശത്ത് വോട്ടു ചോദിച്ച് എത്തിയ എംപി, എം എൽ എ മാർ അടക്കം തങ്ങൾ ജയിച്ചാൽ ഇവിടെ വികസനം എത്തിക്കുമെന്നും റോഡ് നിർമ്മിക്കുമെന്നും വാഗ്ദാനം നൽകിയിരുന്നു. ഇതുകൂടാതെ മുപ്പത്തി അഞ്ച് വർഷമായി കോൺഗ്രസ് മാത്രം ജയിച്ചിരുന്ന വാർഡിൽ തങ്ങളെ ജയിപ്പിച്ചാൽ റോഡ് നിർമ്മിച്ചു നൽകും എന്ന് പ്രഖ്യാപിച്ച് സിപിഎമ്മും വോട്ടു നേടി വിജയിച്ചു. പഞ്ചായത്ത് ഭരിക്കുന്നത് പോലും സി പി എം ആണന്നിരിക്കെ റോഡ് നിർമ്മിച്ചു നൽകാം എന്ന വാഗ്ദാനം സി പി എം കാറ്റിൽ പറത്തുകയായിരുന്നു.
പ്രളയത്തിന് മുൻപ് 3 മീറ്റർ വീതിയിൽ വഴിയുണ്ടായിരുന്ന ഇവിടെ ഇപ്പോൾ നടന്നു പോകുവാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് . പട്ടികജാതി വിഭാഗങ്ങളും ഈ പ്രദേശത്ത് തിങ്ങി പാർക്കുന്നുണ്ട് .പ്രായമായവർക്ക് ഉൾപ്പെടെ അസുഖങ്ങൾ ബാധിച്ചാൽ ഇത്തരത്തിൽ ചുമന്ന് കൊണ്ടു പോകേണ്ട അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു .പ്രദേശത്തോട് ഭരണകൂടം കാട്ടുന്ന അവഗണനയ്ക്ക് എതിരെ സഖാക്കൾ പോലും ഇത് യുപിയല്ല കേരളമാണ് എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ട് തുടങ്ങി കഴിഞ്ഞു. റോഡ് നിർമ്മിച്ചു നൽകണം എന്ന് കാട്ടി കുട്ടനാട് എം എൽ എ ,എം പി എന്നിവർ അടക്കമുള്ളവർക്ക് നിരവധി നിവേദനങ്ങൾ ഇതിനകം നൽകിയെങ്കിലും ഇതെല്ലാം ചവറ്റുകൊട്ടയിൽ തള്ളിയതായും നാട്ടുകാർ ആരോപിക്കുന്നു.
Discussion about this post