തിരുവനന്തപുരം: എറണാകുളം ജില്ലാ കളക്ടർ രേണു രാജ് അടക്കം നാല് ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലം മാറ്റം. വയനാട് ജില്ലാ കളക്ടറായിട്ടാണ് രേണുരാജിനെ മാറ്റി നിയമിച്ചത്. എൻ.എസ്.കെ.ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടർ. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു നിലവിൽ ഉമേഷ്. വയനാട് ജില്ലാ കളക്ടർ എ.ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി.
തൃശൂർ കളക്ടർ ഹരിത വി.കുമാറാണ് പുതിയ ആലപ്പുഴ കളക്ടർ. ആലപ്പുഴ കളക്ടറായിരുന്ന വി.ആർ.കൃഷ്ണതേജയെ തൃശൂരിലേക്കും മാറ്റി. കോഴിക്കോട് കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിയുടെ പുതിയ നിയമനം സംബന്ധിച്ച് പുറത്തിറങ്ങിയ ഉത്തരവിൽ ഇല്ല.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻരിലെ തീ പിടിത്തം സംബന്ധിച്ച് വിവാദമുയർന്നിരിക്കുന്ന ഘട്ടത്തിലാണ് എറണാകുളം ജില്ലാ കളക്ടറുടെ സ്ഥലം മാറ്റം. വിഷയത്തിൽ കളക്ടർ ഹാജരാകാതിരുന്നതിനെ തുടർന്ന് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Discussion about this post