തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ്(88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം നന്ദാവനത്തുള്ള മകളുടെ വസതിയിൽ വച്ച് പുലർച്ചെയായിരുന്നു അന്ത്യം.
1934ൽ തിരുവനന്തപുരത്താണ് ജനനം. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ജീവിതം എന്ന നദി ആണ് ആദ്യ നോവൽ. സാറാ തോമസിന്റെ മുറിപ്പാടുകൾ എന്ന നോവൽ പി.എ. ബക്കർ മണിമുഴക്കം എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്കാരം നേടി.
അസ്തമയം, പവിഴമുത്ത്, അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്. നാർമടിപ്പുടവ, ദൈവമക്കൾ, അഗ്നിശുദ്ധി, ചിന്നമ്മു, വലക്കാർ, നീലക്കുറിഞ്ഞികൾ, ചുവക്കും നേരി, ഗ്രഹണം, തണ്ണീർപ്പന്തൽ, യാത്ര, കാവേരി എന്നിവയാണ് ശ്രദ്ധേയ കൃതികൾ.
നാർമടിപ്പുടവ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച പാറ്റൂർ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും.
Discussion about this post