കൊച്ചി: കേരളത്തിനായുള്ള വന്ദേഭാരത് എക്‌സ്പ്രസ്സിന് കൊച്ചിയിലും വന്‍ സ്വീകരണം. എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തിയ വന്ദേഭാരതിനെ ആര്‍പ്പുവിളികളും കരഘോഷങ്ങളുമായാണ് ജനം സ്വീകരിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് ട്രെയിന്‍ എറണാകുളത്ത് എത്തിയത്. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസ്സിന് സ്വീകരണം നല്‍കി.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ രാവിലെ പാലക്കാട് സ്റ്റേഷനിലാണ് ആദ്യം എത്തിയത്. അവിടേയും മികച്ച സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നല്‍കിയത്. ലോക്കൊ പൈലറ്റുള്‍പ്പെടയുള്ള ജീവനക്കാര്‍ക്ക് മധുരം നല്‍കിയും മാലയിട്ടും കരഘോഷങ്ങളോടെയാണ് ജനം ട്രെയിനിനെ സ്വീകരിച്ചത്. വൈകിട്ട് തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലും വന്ദേഭാരത് ട്രെയിന്‍ എത്തിച്ചേരും.
ഈ മാസം 22നാണ് വന്ദേഭാരതിന്‍റെ ട്രയല്‍ റണ്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഏപ്രില്‍ 25ന് സംസ്ഥാനത്തിന് ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് ഉദ്ഘാടനം ചെയ്യും. ആദ്യ സര്‍വ്വീസ് തിരുവനന്തപുരം-കണ്ണൂര്‍ ഇടയിലായിരിക്കും. വന്ദേഭാരത് സര്‍വീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയ്ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.
Discussion about this post