കണ്ണൂര്‍ : വന്ദേഭാരത് എക്‌സ്പ്രസിന്‍റെ ട്രയല്‍ റണ്‍ വിജയകരം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഏഴ് മണിക്കൂര്‍ പത്ത് മിനുട്ട് എടുത്താണ് കണ്ണൂരിലെത്തിയത്.
തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5.09ന് പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്ക് 12.20ഓടെ കണ്ണൂരിലെത്തി. ട്രെയിന്‍ രാവിലെ 5.59ന് കൊല്ലത്തെത്തി. കോട്ടയത്ത് 7.28നും 8.20ന് എറണാകുളം നോര്‍ത്തിലുമെത്തി. തൃശൂരില്‍ 9.37നും 11.16ന് കോഴിക്കോടുമെത്തി.
കണ്ണൂരില്‍ വലിയ സ്വീകരണമാണ് ട്രെയിനിന് നല്‍കിയത്. ബിജെപി പ്രവര്‍ത്തകരും വിവിധ സംഘടനകളും സ്വീകരണത്തിനെത്തിയിരുന്നു. ലോക്കോ പൈലറ്റിനെ മധുരം നല്‍കിയും ഹാരമണിയിച്ചും സ്വീകരിച്ചു.
ട്രെയിനിന്റെ ഷെഡ്യൂളും ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയം, നിര്‍ത്തുന്ന സ്ഥലങ്ങള്‍, നിരക്കുകള്‍ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്‍റെ വന്ദേ ഭാരത് എക്‌സ്പ്രസിന് പച്ചക്കൊടി കാട്ടുന്നത്.
Discussion about this post