തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍റെ 2022 ലെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് രാജീവ്‌നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നീ ചിത്രങ്ങള്‍ക്ക്. മികച്ച ചിത്രത്തിന്‍റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രുതി ശരണ്യം എന്നിവര്‍ പങ്കിട്ടു. അറിയിപ്പ് സിനിമ സംവിധാനം ചെയ്ത മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍.
അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനെ മികച്ച നടനായും ജയ ജയ ജയ ഹേ, പുരുഷ പ്രേതം എന്നീ സിനിമകളിലെ അഭിനയത്തിന് ദര്‍ശന രാജേന്ദ്രനെ മികച്ച നടിയായും തെരഞ്ഞെടുത്തു. ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി. കുമാരന് ചലച്ചിത്ര രത്‌നം പുരസ്‌ക്കാരം നല്‍കും.
നടന്‍ വിജയരാഘവന്‍, നടി ശോഭന, നടനും നര്‍ത്തകനുമായ വിനീത്, തിരക്കഥാകൃത്ത് ഗായത്രി അശോകന്‍, നടന്‍ മോഹന്‍ ഡി.കുറുച്ചി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം നല്‍കും. റൂബി ജൂബിലി അവാര്‍ഡ് നടന്‍ കമല്‍ഹാസന് നല്‍കും.
82 ചലച്ചിത്രങ്ങളാണ് പുരസ്‌ക്കാരങ്ങള്‍ക്കായി പരിഗണിച്ചതെന്ന് അവാര്‍ഡ് പ്രഖ്യാപനം നടത്തിയ ജൂറി ചെയര്‍മാന്‍ ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post