തിരുവനന്തപുരം: 2022ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി. പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിങ്ങള്‍ എന്ന നോവല്‍ രചിച്ച എം. മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം. വെള്ളിക്കാശ് എന്ന ചെറുകഥയുടെ കര്‍ത്താവായ വി.ജെ. ജെയിംസ് മികച്ച കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.
ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍, നന്‍പകല്‍ നേരത്തു മയക്കം എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്കാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ്. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ രചയിതാവ് ശ്രുതി ശരണ്യമാണ് മികച്ച തിരക്കഥാകൃത്ത്. ലിജോയ്ക്ക് 25000 രൂപയും, ശ്രുതിക്ക് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.
സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്രീകുമാരന്‍ തമ്പി ചെയര്‍മാനായി വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.
പുരസ്‌കാരങ്ങള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യുമെന്ന് പദ്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ.ചന്ദ്രശേഖര്‍ എന്നിവര്‍ അറിയിച്ചു.
Discussion about this post