കോട്ടയം: അമൃതഭാരതീ വിദ്യാപീഠം കൊല്ലവര്‍ഷം 1199 ലേക്ക് നല്‍കുന്ന ‘അമൃതപഥം’ അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം പൂഞ്ഞാര്‍ കാഞ്ഞിരമറ്റം കൊട്ടാരത്തില്‍ നടന്നു. പൂഞ്ഞാര്‍ കൊട്ടാരത്തിലെ അത്തം നാള്‍ അംബിക തമ്പുരാട്ടി അമൃതഭാരതീ വിദ്യാപീഠത്തിന്‍റെ പാഠപുസ്തകങ്ങള്‍ ഏറ്റുവാങ്ങി. അംഗത്വ പ്രവര്‍ത്തനങ്ങള്‍ ആശീര്‍വദിച്ചു. രാജകുടുംബാംഗങ്ങളായ ലതിക വര്‍മ്മ, ദേവി രഘു എന്നിവര്‍ അംഗത്വം സ്വീകരിച്ചു. പത്ത് വയസ് മുതല്‍ പ്രായഭേദമെന്യെ അമൃതഭാരതീ വിദ്യാപീഠം നല്‍കിവരുന്ന സാംസ്‌കാരിക വിദ്യാഭ്യാസത്തില്‍ കുട്ടികള്‍ക്കൊപ്പം അമ്മമാര്‍ കൂടി പങ്കുചേര്‍ന്നാല്‍ കേരളത്തിന്‍റെ ഭാവി ശോഭനമാകുമെന്ന് രാജകുടുംബാംഗവും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഉഷാ വര്‍മ അഭിപ്രായപ്പെട്ടു.
അമൃതഭാരതീ വിദ്യാപീഠത്തിന്റെ ആസ്ഥാനമായ ഇടപ്പള്ളി എഴുത്തച്ഛന്‍ മണ്ഡപത്തില്‍ സ്ഥാപിതമാകുന്ന തുറവൂര്‍ വിശ്വംഭരന്‍ സ്മാരക സാംസ്‌കാരിക ഗ്രന്ഥശാലയിലേക്ക് ചരിത്രകാരന്‍ കൂടിയായ ഡോ.ആര്‍.പി. രാജ സാംസ്‌കാരിക ഗ്രന്ഥങ്ങള്‍ സമര്‍പ്പിച്ചു. ശ്യാമളാ വര്‍മ, സുലോചനാ വര്‍മ, അനുരാധാ വര്‍മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സാംസ്‌കാരിക വിദ്യാഭ്യാസത്തോടൊപ്പം നാലുവര്‍ഷ കാലയളവില്‍ ലഭിക്കുന്ന അമൃതപഥം അംഗത്വത്തിന്റെ വിതരണം 1000 സ്ഥാനീയ പ്രേരകന്മാരുടെ നേതൃത്വത്തില്‍ ജൂലായ് 31 വരെ തുടരുമെന്ന് അമൃതഭാരതീ വിദ്യാപീഠം അറിയിച്ചു.
അമൃതഭാരതീ വിദ്യാപീഠം പൊതുകാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍, മധ്യകേരള സംഭാഗ് കാര്യദര്‍ശി മനോജ് കൃഷ്ണന്‍, കോട്ടയം മേഖലാ സംയോജക ഗീത, ബാലഗോകുലം പൂഞ്ഞാര്‍ നഗര്‍ കാര്യദര്‍ശി വി. മഹേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post