ആലപ്പുഴ: ഈ വർഷത്തെ മണ്ണാറശാല വാസുദേവൻ നമ്പൂതിരി സ്മാരക മാധ്യമ പുരസ്കാരത്തിന് മാതൃഭൂമി ഹരിപ്പാട് ലേഖകൻ കെ. ഷാജി അർഹനായി.
അറിയപ്പെടാത്ത സ്വാതന്ത്ര്യ സമരസേനാനികളും സമരചരിത്രവും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ പ്രസിദ്ധീകരിച്ച വാര്‍ത്ത പരിഗണിച്ചാണ് പുരസ്കാരം. പതിനായിരത്തൊന്ന് (10001) രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
അടിയന്തിരാവസ്ഥക്കാലത്ത് പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായി ജയിലിലായ മണ്ണാറശാല വാസുദേവൻ നമ്പൂതിരിയുടെ സ്മരണാർത്ഥം, വിശ്വസംവാദകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേവർഷി നാരദ ജയന്തിയോടനുബന്ധിച്ച് എല്ലാവർഷവും മാധ്യമ പ്രവർത്തകർക്കായി നൽകി വരുന്ന പുരസ്കാരമാണിത്.
ഡോ: അമ്പലപ്പുഴ ഗോപകുമാർ, ഡോ: ആർ. രാജലക്ഷ്മി, മാതൃഭൂമി മുൻ ആലപ്പുഴ ബ്യൂറോ ചീഫ് എസ്.ഡി വേണുകുമാർ, ജന്മഭൂമി ബ്യൂറോ ചീഫ് അജയകുമാർ എന്നിവരാണ് അവാർഡ് ജേതാവിനെ തിരഞ്ഞടുത്തത്.
27 ശനിയാഴ്ച രാവിലെ 10 ന് ഹരിപ്പാട്ട് നടക്കുന്ന സമ്മേളനത്തിൽ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ സമ്മാനം വിതരണം ചെയ്യും. ആർ. എസ്. എസ്. സഹപ്രചാർ പ്രമുഖ് എം. സതീശൻ നാരദജയന്തി സന്ദേശം നൽകും. മൻകീ ബാത്ത് പരിഭാഷപ്പെടുത്തിയ ചവറ ശ്രീകുമാർ, ആകാശവാണിയിലൂടെ ശബ്ദം നൽകിയ മുഖത്തല ശ്രീകുമാർ എന്നിവരെ ആദരിക്കും. ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകർ വിത്യസ്ത മേഖലകളിലെ പ്രതിഭകൾ, അവാർഡുകൾ ലഭിച്ച മാധ്യമ പ്രവർത്തകരേയും ആദരിക്കും.
Discussion about this post