എറണാകുളം: ഒരു ലക്ഷം വീടുകളിൽ ഒരു ലക്ഷം ആര്യവേപ്പുമായി ശ്രീമൻ നാരായണൻ. പരിസ്ഥിതിദിനമായ ജൂൺ 5-ന് ശ്രീമൻ നാരായണന്‍റെ എട്ടാമത് വൃക്ഷയജ്ഞം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ആര്യവേപ്പ് തൈകൾ എറണാകുളം ജില്ലയിലെ ഒരു ലക്ഷം വീടുകളിൽ വിതരണം ചെയ്യും. ചടങ്ങിൽ ജില്ലയിലെ വിവിധ ജനപ്രതിനിധികളും സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കും.
കഴിഞ്ഞ ഏഴ് വൃക്ഷയജ്ഞങ്ങളിലായി മൂന്ന് ലക്ഷം ഫലവൃക്ഷത്തൈകൾ ശ്രീമൻ നാരായണൻ വിതരണം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ ശ്രീമൻ നാരായണന്‍റെ പ്രവർത്തനങ്ങൾ പരാമർശിച്ചിരുന്നു. 50 വൃക്ഷങ്ങൾക്ക് സമം ഒരു ആര്യവേപ്പെന്നാണ് പഴമൊഴി. മീലിയസിയെ എന്ന സസ്യകുടുംബത്തിൽപ്പെട്ട വേപ്പിന്റെ ശാസ്ത്രീയ നാമം അസഡിറാക്റ്റ ഇൻഡിക്ക എന്നാണ്. വേപ്പിനെ ഒരു സ്വർഗീയ മരമായിട്ടാണ് ഇന്ത്യക്കാർ കണക്കാകുന്നത്. വീട്ടിന്റെ പരിസരത്ത് ഒരു മൂട് വേപ്പ് മരമെങ്കിലും ഉണ്ടെങ്കിൽ പരിസരത്തെങ്ങും ശുദ്ധമായ വായു ലഭ്യമാകും. അന്തരീക്ഷ വായു ശുദ്ധീകരിക്കാനും കീടങ്ങളെ അകറ്റി സംരക്ഷണം നൽകാനും ആര്യവേപ്പിന് കഴിയും.
വീട്ടുമുറ്റത്തെ ഔഷധാലയം എന്നാണ് ആര്യവേപ്പിനെ പഴമക്കാർ വിശേഷിപ്പിച്ചത്. ദിവസവും വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർദ്ധിക്കുകയും, തിളക്കമുള്ള ചർമ്മം ലഭിക്കുകയും ചെയ്യും. ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമ ഔഷധമാണിത്. സൗന്ദര്യ സംരക്ഷണത്തിൽ ആര്യവേപ്പിന്റെ പങ്ക് ചെറുതല്ല.
Discussion about this post