ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ സമസ്തയെ ക്ഷണിച്ച സിപിഎമ്മിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭം നടത്തുമെന്നും സമസ്തയെ ക്ഷണിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. സമരത്തിൽ മുസ്ലീം ലീഗിനും പങ്കെടുക്കാമെന്ന് പാർട്ടി പറഞ്ഞതോടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പും വോട്ട് ബാങ്ക് രാഷ്‌ട്രീയവും ചർച്ച ചെയ്യപ്പെടുകയായിരുന്നു.
സിപിഎം നിലപാടിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുമ്പോഴാണ് പരിഹാസവുമായി നടൻ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുന്നത്. ‘എകെജി സെന്റർ പാണക്കാട്ടേക്ക് മാറ്റാൻ തീരുമാനിച്ച സ്ഥിതിക്ക് തലസ്ഥാനം എവിടെയാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസ്സിലാകും. നിലനിൽപ്പിന്റെ കഷ്ടപ്പാട്. അഭിവാദ്യങ്ങൾ’ എന്നാണ് സിപിഎമ്മിനെയും എം.വി ഗോവിന്ദനെയും പരിഹസിച്ചുകൊണ്ട് ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചത്.
സിവിൽ കോഡിനെതിരായ പോരാട്ടം രാഷ്‌ട്രീയത്തിന് അപ്പുറം നിലനിൽപ്പിനായുള്ള പോരാട്ടമാണ്. അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണ് ഏകീകൃത സിവിൽ കോഡ്. ഇതിനെ ശക്തമായി എതിർക്കും. നിയമത്തിനെതിരെ സിപിഎം സെമിനാർ സംഘടിപ്പിക്കും. ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ സമസ്തയെ ക്ഷണിക്കും. മുസ്ലീം ലീഗിനും ഇതിൽ സഹകരിക്കാം എന്നാണ് എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
Discussion about this post