കോഴിക്കോട്: അർജന്റീന ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ, അർജന്റീന ഫുട്ബോൾ അസോസിയേഷന് കത്തയച്ച വിഷയത്തിൽ പരോക്ഷ വിമർശനം നടത്തിയ ഇന്ത്യൻ ഫുട്‌ബോൾ താരം ആഷിഖ് കുരുണിയന് വിമർശനം. സമൂഹമാദ്ധ്യമങ്ങളിൽ സിപിഎം അനുകൂലികളാണ് താരത്തിനെതിരെ സൈബർ ആക്രമണം നടത്തുന്നത്. ഫുട്‌ബോൾ ആരാധകർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അർജന്റീനയെ കളിപ്പിക്കാൻ കോടികൾ ചെലവാക്കുന്നതിന് പകരം ഫുട്ബോൾ പരിശീലനത്തിന് മികച്ച ഗ്രൗണ്ടുകളും അക്കാദമികളും ഒരുക്കുകയാണ്സർക്കാർ ചെയ്യേണ്ടതെന്ന് ആഷിഖ് കുരുണിയൻ നേരത്തെ പറഞ്ഞിരുന്നു. സാഫ് കപ്പ് വിജയത്തിന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ‘രാജ്യാന്തര താരങ്ങൾക്ക് പോലും പരിശീലനം നടത്താൻ ഗ്രൗണ്ടില്ലാത്ത അവസ്ഥയാണ് കേരളത്തിൽ.
ഒഡിഷയിലെ കാര്യമെടുക്കൂ, അവിടെ പരിശീലനത്തിന് മാത്രമുള്ള നാല് പിച്ചുകൾ രാജ്യാന്തര നിലവാരത്തിലുള്ളതാണ്. ഇക്കാര്യം പറയുമ്പോൾ എന്റെ സുഹൃത്തുക്കൾ ചോദിക്കാറുണ്ട് നിനക്ക് മഞ്ചേരി, കോട്ടപ്പടി ഗ്രൗണ്ടുകൾ ഇല്ലേ എന്ന്. അവ രണ്ടും സ്റ്റേഡിയങ്ങളാണ്. പ്രധാന ടൂർണമെന്റുകൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ മൈതാനങ്ങൾ, അവ അതിന് വേണ്ടി മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇത്തരം മത്സരങ്ങൾ കഴിഞ്ഞാൽ ഈ ഗ്രൗണ്ടുകളൊക്കെ തന്നെ പിന്നെ നന്നായി കൊണ്ടുനടക്കാറില്ല.
ഒരുപാട് ഐ.എസ്.എൽ കളിക്കാർ എന്റെ നാടായ മലപ്പുറത്ത് ഉണ്ട്. അണ്ടർ 19യിലുൾപ്പെടെ ഇന്ത്യക്ക് വേണ്ടി കളിക്കുന്നവരും ഉണ്ട്. സെവൻസ് കളിക്കുന്ന ടർഫിലാണ് അതും വാടകയ്‌ക്ക് എടുത്ത് ഞങ്ങളൊക്കെ പ്രാക്ടീസ് ചെയ്യുന്നത്. സെവൻസ് കളിക്കുന്ന ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്തത് കൊണ്ട് ഒരു ഗുണവും ഇല്ല . നമ്മുടെ നാട്ടിൽ ഫുട്ബോൾ വളരണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർ ആലോചിക്കേണ്ടത് ഇക്കാര്യങ്ങളൊക്കെയാണ്.-ആഷിഖ് പറഞ്ഞു.
Discussion about this post