കോട്ടയം : ധാര്‍മ്മികമൂല്യങ്ങള്‍ വിദ്യാലയങ്ങളില്‍ പ്രത്യേക പാഠ്യവിഷയമാക്കണമെന്ന് ബാലഗോകുലം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മൂല്യാധിഷ്ഠിതവിദ്യാഭ്യാസം എന്നു പറയുന്നുണ്ടങ്കിലും ഇന്നത്തെ പഠന രീതിയില്‍ മൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുവാന്‍ കഴിയുന്നില്ല. ധാര്‍മ്മികവും സാംസ്‌കാരികവുമായ ജീവിതമൂല്യങ്ങള്‍ കുട്ടികള്‍ക്ക് നേരിട്ട് മനസ്സിലാക്കുവാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. ഇതിനായി പ്രത്യേകം പാഠപുസ്തകം തയ്യാറാക്കുകയും ആഴ്ചയില്‍ ഒരു മണിക്കൂര്‍ സമയം മൂല്യപഠനത്തിന് മാറ്റിവയ്ക്കുകയും വേണം. ഇതിനായി അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം ഉറപ്പാക്കണം. പരീക്ഷകളില്‍ മൂല്യബോധത്തിന് പ്രത്യേക ഗ്രേഡ് നല്‌കേണ്ടതാണ്.
നൈതികമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് കുട്ടികള്‍ വളര്‍ന്നുവരേണ്ടത് സമൂഹനന്മയ്ക്കും രാജ്യപുരോഗതിയ്ക്കും അനിവാര്യമാണ്. മൂല്യബോധമുള്ള മനസ്സോടെ വളര്‍ന്നുവരുന്നവര്‍ക്ക് മയക്കുമരുന്നുപോലുള്ള പ്രലോഭനങ്ങളില്‍നിന്ന് രക്ഷപ്പെടാനാകും. സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സഹാനുഭൂതിയുടെയും, രാജ്യസ്‌നേഹത്തിന്റെയും ചരടില്‍ കോര്‍ത്ത് വിദ്യാര്‍ത്ഥികളെ ഉത്തമപൗരന്മാരാക്കി മാറ്റാന്‍ മൂല്യാവബോധം കൂടിയേ കഴിയൂ. അതിനാല്‍ സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ അനിവാര്യ ഭാഗമായി ധാര്‍മ്മികമൂല്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ബാലഗോകുലം സംസ്ഥാന പ്രതിനിധിസഭ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
കെ.പി. ബാബുരാജ് അധ്യക്ഷം വഹിച്ചു. എസ്. ശ്രീകുമാര്‍, വി.ജെ. രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു. എ. രഞ്ജുകുമാര്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
Discussion about this post