കാസര്‍കോട്: പുതിയ ദേശീയ വിദ്യാഭ്യാസ നയം കൂടുതല്‍ മെച്ചപ്പെട്ടതും പുരോഗമനപരവുമായ സമൂഹത്തിലേക്കുള്ള പരിവര്‍ത്തനം ത്വരിതപ്പെടുത്തുമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ജ്ഞാനോത്സവം 2023ല്‍ പ്രഖ്യാപനം. ഇത് നടപ്പാക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കും. അറിവ്, വൈദഗ്ധ്യം, മനോഭാവം, ജീവിത മൂല്യങ്ങള്‍ എന്നിവയാല്‍ നമ്മുടെ യുവ സമൂഹത്തെ സജ്ജരാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കുമെന്നും അക്കാദമിക് വിദഗ്ധരുടെ സമ്മേളനം പ്രഖ്യാപിച്ചു.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് ആധുനിക കാലത്തിന് യോജിച്ച രീതിയില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനം ചെയ്യിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ജ്ഞാനോത്സവം 2023 സംഘടിപ്പിച്ചത്. എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും വിദ്യാഭ്യാസ വികാസ കേന്ദ്രവും സംയുക്തമായാണ് മൂന്ന് ദിവസത്തെ പരിപാടി നടത്തിയത്.
സമാപന ദിവസമായ ഇന്നലെ നടന്ന ഉന്നത വിദ്യാഭ്യാസ സമ്മേളനം ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. മുപ്പത് ശതമാനത്തോളം ബിരുദ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സയന്‍സ് വിഷയങ്ങള്‍ക്ക് പോലും സീറ്റ് ഒഴിവുള്ളത് ഞെട്ടിപ്പിക്കുന്നു. ആവശ്യമുള്ളത് നല്കാന്‍ നമുക്ക് സാധിക്കുന്നില്ലെന്നതാണ് പ്രശ്നം. ഇവിടെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രസക്തമാകുന്നത്, അദ്ദേഹം പറഞ്ഞു.
ആത്മനിര്‍ഭര ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം വലുതാണെന്ന് അദ്ധ്യക്ഷത വഹിച്ച കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു ചൂണ്ടിക്കാട്ടി. ഗുരു ഖാസിദാസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അലോക് കുമാര്‍ ചക്രവാള്‍ മുഖ്യപ്രഭാഷണം നടത്തി.
യുവസമൂഹത്തിന് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് അദ്ദേഹം പറഞ്ഞു. കുസാറ്റ് പ്രൊഫസര്‍ ഡോ.സി.ജി. നന്ദകുമാര്‍, എസ്‌സി/എസ്ടി/ന്യൂനപക്ഷ വിദ്യാഭ്യാസ ദേശീയ മോണിറ്ററിങ് കമ്മിറ്റി അംഗം എ. വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രൊഫ. പി.എം. മാലിനി സ്വാഗതവും ഡോ. ശിവപ്രസാദ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തില്‍ യുജിസി ജോയിന്റ് സെക്രട്ടറി പ്രൊഫ. രാജേഷ് കുമാര്‍ വര്‍മ്മ മുഖ്യപ്രഭാഷണം നടത്തി.
Discussion about this post