തിരുവനന്തപുരം: തന്റെ കൈവെട്ടിയ കേസില്‍ അഞ്ചു പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കുറ്റക്കാരാണെന്ന എന്‍ഐഎ കോടതി വിധിയോട് പ്രതികരിച്ച് ടി.ജെ. ജോസഫ് മാഷ്. ഉപദ്രവിച്ചവര്‍ വെറും ആയുധങ്ങള്‍ മാത്രമാണ്. മറ്റുള്ള ആളുകളുടെ ആജ്ഞാനുവര്‍ത്തികള്‍. ശരിക്കുള്ള പ്രതികള്‍ കേസിനു പുറത്താണ്. കേസില്‍ ശിക്ഷിക്കപ്പെടുന്ന, വിചാരണ ചെയ്യപ്പെടുന്നവരല്ല ശരിക്കുള്ള പ്രതികള്‍. എന്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തവരാണു ശരിയായ പ്രതികള്‍. എന്നാല്‍ പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും ഉപകരണങ്ങളാക്കപ്പെടുന്ന പാവങ്ങളാണ്.
കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ എന്നപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണു എന്നെ ഉപദ്രവിച്ചത്. എല്ലാമനുഷ്യരും ശാസ്ത്രാവബോധം ഉള്‍ക്കൊണ്ടു മാനവികതയിലും സാഹോദര്യത്തിലും പുലര്‍ന്ന് ആധുനികപൗരന്മാരായി മാറേണ്ട കാലം അതിക്രമിച്ചു. പ്രാകൃത വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യത്വരഹിത പ്രവൃത്തികള്‍ നടത്താന്‍ ഉദ്‌ബോധനം കൊടുക്കുന്നവരാണു ശരിക്കും കുറ്റവാളികള്‍. അവര്‍ കാണാമറയത്താണ്. ആദ്യം ജയിലിലടയ്‌ക്കേണ്ടതു പ്രാകൃത നിയമങ്ങളെയാണു, വിശ്വാസങ്ങളെയാണ്. ആ വിശ്വാസത്തെയാണു ആദ്യം ഉന്മൂലനം ചെയ്യേണ്ടത്. പ്രാകൃത വിശ്വാസങ്ങളുടെ ഇരയായിട്ടാണു കാണാമറയത്തുള്ള മനുഷ്യരും പ്രവര്‍ത്തിക്കുന്നത്. ആധുനികമനുഷ്യരാകാന്‍ അവരെയും ബോധവല്‍ക്കരിക്കണം. രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പുള്ള ചില വിശ്വാസ സംഹിതകളാണു വില്ലനായിട്ട് നില്‍ക്കുന്നത്.
പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്കു കിട്ടുന്ന നീതിയാണെന്ന വിശ്വാസമില്ല. രാജ്യത്തിന്റെ നീതി നടപ്പാകുന്നു എന്നു മാത്രമെന്നും ജോസഫ് മാഷ് പ്രതികരിച്ചു.
Discussion about this post