നിലമ്പൂര്‍: ‘ഇവിടെ നട്ടെലുള്ള സര്‍ക്കാരുണ്ടോ? പാട്ടക്കാലാവധി കഴിഞ്ഞ ഏക്കര്‍കണക്കിന് എസ്റ്റേറ്റ് ഭൂമി തിരിച്ച് പിടിച്ച് ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കാന്‍ കെല്‍പ്പുള്ള സര്‍ക്കാറുണ്ടോ? 65 ദിവസമായി ഞങ്ങള്‍ സമരം തുടങ്ങിയിട്ട് ഒരു മന്ത്രിയും എംഎല്‍എയും മെമ്പറും ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല! ഇവിടെ ഒരു എംഎല്‍എയുണ്ടോ എന്നുപോലും ഞങ്ങള്‍ക്കറിയില്ല. അന്‍വര്‍ ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല’ മെയ് 10 ന് നിലമ്പൂര്‍ ഐടിഡിപി ഓഫീസിന് മുമ്പില്‍ ആരംഭിച്ച ഗോത്രസമരത്തിന് നേതൃത്വം കൊടുക്കുന്ന ബിന്ദുവൈലശ്ശേരിയുടെ വാക്കുകളില്‍ തീപാറുന്നു.
ഓഫീസിന് താഴെ മഴയിലും ചെളിയിലും കുതിര്‍ന്ന നിലത്ത് സമരം നടത്തിവരികയാണ് ഇവര്‍. ഗോത്രവിഭാഗത്തിലെ നൂറോളം പേര്‍ സമരപ്പന്തലില്‍ ഉണ്ട്. ഇരുനൂറില്‍പരം കുടുംബങ്ങള്‍ സമരത്തിന് പിന്തുണയുമായുണ്ട്. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ പ്രതികൂല കാലാവസ്ഥയിലും സമര രംഗത്ത് ഉറച്ച് നില്‍ക്കുകയാണ്. സമരം മാസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. നടത്തിയ ചര്‍ച്ചകള്‍ എങ്ങുമെത്താതെ പിരിഞ്ഞു. കേരളത്തെ മുഴുവന്‍ ശുദ്ധീകരിക്കാന്‍ നടക്കുന്ന സ്ഥലം എംഎല്‍എ പി.വി. അന്‍വര്‍ സമരസ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഗോത്രസമൂഹം അമര്‍ഷത്തോടെ പറയുന്നു. ‘ഇടതിനും വലതിനുമാണ് ഞങ്ങള്‍ ഇതുവരെ വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പാകുമ്പോള്‍ ഞങ്ങളെ തേടി വരുന്നവര്‍ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.’ ബിന്ദു പറഞ്ഞു.
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നുണ്ടെന്ന വിവരം അറിഞ്ഞതിനനുസരിച്ച് നിലമ്പൂര്‍ മേഖലയിലെ ഭൂരഹിതരായ ഗോത്രകുടുംബങ്ങള്‍ അപേക്ഷ നല്‍കി. 1709 അപേക്ഷകളാണ് ലഭിച്ചതെന്ന് ട്രൈബല്‍ ഓഫീസര്‍ കെ.എസ്. ശ്രീരേഖ പറഞ്ഞു. ഇതില്‍ 663 പേര്‍ക്കാണ് ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭൂരഹിതര്‍ക്ക് ഭൂമിനല്‍കേണ്ടതിന് പകരം ഭൂമിയുള്ളവരെ പരിഗണിച്ച് അപേക്ഷകരെ വഞ്ചിക്കുകയാണ് ചെയ്തതെന്നും സമരം നയിക്കുന്ന ബിന്ദു വൈലശ്ശേരി പറയുന്നത്. ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത് ചട്ടപ്രകാരമല്ല. ഊരുകൂട്ടം നിയമം നിലനില്‍ക്കെ ഊരുകൂട്ടം കൂടിയല്ല ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. തയ്യാറാക്കിയ 663 പേരുടെ ലിസ്റ്റില്‍നിന്ന് പരാതി ലഭിച്ചപ്പോള്‍ 66 പേരെ പുറത്താക്കേണ്ടി വന്നുവെന്നു ട്രൈബല്‍ ഓഫീസര്‍ പറഞ്ഞു. സമരം ചെയ്യുന്നവരുടെ ആരോപണം ശരിവെക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. ലൈഫ് മിഷനില്‍ വീടും ഭൂമിയും ലഭിച്ചവരടക്കം അര്‍ഹതയില്ലാതെ പട്ടികയില്‍ ഉള്‍പ്പെട്ടു. ട്രൈബല്‍ പ്രമോട്ടര്‍മാരും രാഷ്ട്രീയക്കാരും തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് ഭൂമി വീതംവെക്കുകയാണുണ്ടായതെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
ഒരു കുടുംബത്തിന് ഒരേക്കറില്‍ കുറയാതെ, അഞ്ച് ഏക്കര്‍ വരെ ഭൂമി നല്‍കണമെന്നാണ് നിയമം. വനാവകാശ നിയമത്തെ കാറ്റില്‍പ്പറത്തി നെല്ലിപ്പൊയില്‍, അത്തിക്കല്‍, തൃക്കൈകൂത്ത് എന്നിവിടങ്ങളില്‍ പത്തും ഇരുപതും സെന്റ് വീതമാണ് ഭൂമി നല്‍കുന്നത്. നെല്ലിപ്പൊലില്‍ തന്നെ ഗുണഭോക്താക്കള്‍ക്ക് നല്‍കാനാവശ്യമായ ഭൂമി ഉണ്ടെന്നും കണ്ടെത്തിയിട്ടും 219 ഏക്കര്‍ മാത്രമാണ് ഇവിടെ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഭൂമി റവന്യൂ വകുപ്പ് മറ്റാവശ്യങ്ങള്‍ക്കായി തരം തിരിക്കാനാണ് പദ്ധതിയെന്ന് മുന്‍ അനുഭവങ്ങള്‍ നിരത്തി ബിന്ദു പറയുന്നു. അത്തിക്കല്ലില്‍ 37 ഉം തൃക്കൈകുത്തില്‍ 18 ഏക്കറുമാണ് ഗോത്രജനതയ്ക്കായി മാറ്റി വെച്ചിരിക്കുന്നത്. 2004 ലെ സുപ്രീം കോടതി വിധി അട്ടിമറിച്ചാണ് ഗോത്രജനതയെ വഞ്ചിക്കുന്നതെന്ന് ബിന്ദു പറഞ്ഞു.
ഗോത്രജനതയ്ക്ക് ഭൂമി നല്‍കാനെന്ന ആവശ്യത്തില്‍ പതിച്ചു കിട്ടുന്നഭൂമി അര്‍ഹരായവര്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ ഓഫീസുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും പണിതതിന്റെ പട്ടിക നിരത്തിയാണ് ബിന്ദുവും സമരക്കാരും സര്‍ക്കാറിന്റെ വഞ്ചന തുറന്ന് കാണിക്കുന്നത്. പോത്തന്‍ എസ്റ്റേറ്റ്, കൈരളി എസ്റ്റേറ്റ്, തമ്പുരാന്‍ കുന്ന് തുടങ്ങി പാട്ടക്കാലാവധി കഴിഞ്ഞ നൂറ് കണക്കിന് ഏക്കര്‍ ഭൂമി ജില്ലയിലുണ്ടായിട്ടും അതേറ്റെടുക്കാന്‍ സര്‍ക്കാരിന് തന്റേടമില്ലെന്ന് ബിന്ദു പറഞ്ഞു.
കനത്ത മഴയിലും പ്രതികൂല സാഹചര്യത്തിലും സമരത്തില്‍ നിന്ന് പിന്‍വാങ്ങാതെ പിടിച്ചു നില്‍ക്കുകയാണ് ഈ സമരക്കാര്‍. ഇടതു വലതു മുന്നണികള്‍ സമരത്തെ പരിഗണിച്ചിട്ടേയില്ല. ബിജെപി സമരത്തോടനുഭാവം പ്രകടിപ്പിച്ച് ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. മരിക്കേണ്ടി വന്നാലും സര്‍ക്കാറിന്റെ വഞ്ചനയ്ക്ക് മുമ്പില്‍ ഒത്തുതീര്‍പ്പുകളില്ലെന്നാണ് ബിന്ദു വൈലാശ്ശേരിയുടെയും സമരസമിതി പ്രവര്‍ത്തകരുടെയും നിലപാട്.
Discussion about this post