കൊച്ചി: എറണാകുളം റേഞ്ചിലും കൊച്ചി സിറ്റി പരിധിയിലും പോലീസ് പിടികൂടിയ ലഹരിവസ്തുക്കള്‍ നശിപ്പിച്ചു. സിറ്റി പരിധിയില്‍ ഒരു കോടിയിലധികം വില വരുന്ന ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്.
1.455 കിലോ എം.ഡി.എം.എ., 290 കിലോ കഞ്ചാവ്, 125.55 ഗ്രാം ആംഫെറ്റമിന്‍, 141.5 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് കൊച്ചി സിറ്റിയില്‍ നശിപ്പിച്ചത്. ആറു മാസത്തിനിടെ സിറ്റി പരിധിയില്‍നിന്ന് പിടികൂടിയതാണിവ. മുളവുകാട് സ്റ്റേഷന്‍ പരിസരത്ത് ഇന്‍സിനറേറ്റര്‍ ഉപയോഗിച്ചാണ് ലഹരിവസ്തുക്കള്‍ നശിപ്പിച്ചത്. ഡി.സി.പി. എസ്. ശശിധരന്‍, സിറ്റി നര്‍ക്കോട്ടിക് സെല്‍ എ.സി.പി. അബ്ദുള്‍ സലാം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. നശിപ്പിച്ച എം.ഡി.എം. എ.യ്ക്ക് ഏതാണ്ട് അരക്കോടി രൂപ വില വരും. കഞ്ചാവിന് ഏകദേശം 58 ലക്ഷം രൂപയും.
എറണാകുളം റേഞ്ചില്‍ നശിപ്പിച്ചത് 220 ഗ്രാം എം.ഡി.എം.എ.
ആലുവ: 41 കിലോ കഞ്ചാവ്, 220 ഗ്രാം എം.ഡി.എം.എ., 85 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍, 125.55 ഗ്രാം ആംഫെറ്റമിന്‍, 141.5 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് എറണാകുളം റേഞ്ചില്‍ കത്തിച്ച് നശിപ്പിച്ചത്. എറണാകുളം റൂറല്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍നിന്നു പിടിച്ചെടുത്തവയാണിവ.
അമ്പലമേട് കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനത്തിലാണ് കത്തിച്ചത്. എറണാകുളം റേഞ്ച് ഡി.ഐ.ജി. ഡോ. എ. ശ്രീനിവാസ്, ജില്ലാ പോലീസ് മേധാവിമാരായ കെ. കാര്‍ത്തിക്, വിവേക് കുമാര്‍, ചൈത്ര തെരേസ ജോണ്‍, വി.യു. കുര്യാക്കോസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സൂപ്രണ്ട് ആഷിഷ് ഹോജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റൂറല്‍ ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. പി.പി. ഷംസിന്റെ മേല്‍നോട്ടത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയത്.
Discussion about this post