തിരുവനന്തപുരം: കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പാൾ നിയമന ലിസ്റ്റ് അട്ടിമറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ടീച്ചർ തന്റെ പിൻഗാമികളെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. കേരളവർമ്മ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ മാത്രമായിരുന്ന ബിന്ദുടീച്ചർ കോളേജ് പ്രിൻസിപ്പൽ കസേരയിലിരിക്കാൻ നടത്തിയ വഴിവിട്ട ശ്രമങ്ങൾ കേരളസമൂഹം കണ്ടതാണ്. അത്തരത്തിൽ കേരളത്തിലെ കോളേജുകളുടെ തലപത്ത് യോഗ്യതയില്ലാത്തവരെ തിരുകികയറ്റി കോളേജുകളെ പാർട്ടി കൈപ്പിടിയിലാക്കാനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കൈവിട്ട് വിദ്യാർത്ഥികൾ മറ്റ് സർവകൾശാലകളിലേക്ക് ചേക്കേറുമ്പോൾ, ഉന്നത വിദ്യാഭ്യാസ മേഖലയെ കരകയറ്റാനുള്ള യാതൊരു നടപടിയും സ്വികരിക്കാതെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മക്ക് ഊന്നൽ നൽകുമെന്ന പ്രഖ്യാപനവുമായി അധികാരമേറ്റ രണ്ടാം പിണറായി സർക്കാർ രണ്ടു വർഷം പിന്നിടുമ്പോൾ സംസ്ഥാനത്തെ 16 സർവകലാശാലകളിൽ എട്ടെണ്ണത്തിനും സ്ഥിരം വൈസ് ചാൻസലർമാരില്ല. 66 സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 62ലും സ്ഥിരം പ്രിൻസിപ്പൽമാരുമില്ല.
പ്രിൻസിപ്പൽ നിയമനത്തിനായി സെലക്ഷൻ കമ്മിറ്റി മുമ്പാകെ വന്ന 110 അപേക്ഷകരിൽ സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയാണ് ഡി.പി.സി യോഗം അംഗീകരിച്ചത്.
പി.എസ്.സി അംഗം ഉൾപ്പെട്ട സമിതി അംഗീകരിച്ച നിയമനത്തിനുള്ള അന്തിമ പട്ടിക വെറും കരട് പട്ടികയായി പ്രസിദ്ധീകരിക്കാനുള്ള വിചിത്ര നിർദേശമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഫയലിൽ രേഖപ്പെടുത്തിയത്.
യു.ജി.സി ചട്ടപ്രകാരം രൂപവത്കരിച്ച സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച പട്ടിക നിലനിൽക്കെ അതിൽനിന്ന് നിയമനം നടത്താതെ മറ്റൊരു സെലക്ഷൻ കമ്മിറ്റിയുണ്ടാക്കുന്ന നടപടി യുജിസി മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ്.
സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവുമാണ് മന്ത്രി നടത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന മന്ത്രിക്ക് തൽസ്ഥാനത്തിരിക്കാൻ യാതൊരു യോഗ്യതയുമില്ല. ബിന്ദു ടീച്ചർ മന്ത്രിസ്ഥാനം രാജിവെച്ചൊഴിയണം. വരും ദിവസങ്ങളിൽ മന്ത്രിയുടെ രാജിവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങൾക്ക് എബിവിപി നേതൃത്വം നൽകും.
Discussion about this post