ഏറ്റുമാനൂര്‍: കുമാരനാശാന്‍ കടുത്ത ദേശീയവാദിയും മതപരിവര്‍ത്തനത്തെ എതിര്‍ത്ത വ്യക്തിയുമായിരുന്നെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരം സമാപന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനത്തിനു മുതിര്‍ന്നപ്പോള്‍ അത് എതിര്‍ത്തു കൊണ്ട് ആശാന്‍ രചിച്ചതാണ് മതപരിവര്‍ത്തന രസവാദം. ആശാന്‍ കൃതികളിലെ ബുദ്ധമത ആശയങ്ങള്‍ വച്ച് അദ്ദേഹം ബുദ്ധമതാനുയായി ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്നും ആര്‍. സഞ്ജയന്‍ പറഞ്ഞു. പി. പരമേശ്വര്‍ജി നഗറില്‍ (നന്ദാവനം ഓഡിറ്റോറിയം) ഭാരതീയവിചാരകേന്ദ്രം പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ സംസ്ഥാനപഠന ശിബിരം സമാപിച്ചു.
സമാപന സമ്മേളനത്തില്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷത വഹിച്ചു. കുമാരനാശാന്റെ മതപരിവര്‍ത്തന രസവാദം, അസന്തുലിത ജനസംഖ്യാവികാസം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, ഏകീകൃത സിവില്‍ നിയമം, വൈക്കം സത്യഗ്രഹം തുടങ്ങിയ വിഷയങ്ങള്‍ വിവിധ സെഷനുകളില്‍ അവതരിപ്പിച്ചു. ഡോ. ജേക്കബ് തോമസ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. അമൃത് ജി. കുമാര്‍, ഡോ. ബീന ഐസക് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി, ജന. സെക്രട്ടറി കെ.സി. സുധീര്‍ബാബു, പി.സി. സജി, എസ്. അനീഷ് എന്നിവര്‍ സംസാരിച്ചു.
Discussion about this post