കൊച്ചി: അതിഥി തൊഴിലാളികളുടെ റജിസ്ട്രേഷൻ ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടികാട്ടിയുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ആലുവയിൽ അഞ്ച് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പൊതുതാൽപര്യ ഹർജിയുമായി അഭിഭാഷകനായ വി.ടി.സതീഷ് ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നും കുടുംബത്തിന്‍റെ പുനരധിവാസം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിയമ സംവിധാനങ്ങളെക്കുറിച്ച് കുടിയേറ്റ തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം അടക്കമുള്ളവ വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. അഭിഭാഷക പരിഷത്ത് പ്രവർത്തകനായ അഡ്വ. വി. ടി സതീഷ് അഡ്വ. വി. സജിത്കുമാർ മുഖേനയാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്.
Discussion about this post