മാള: ജനാധിപത്യത്തിന്റെ ബാലപാഠം വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്ന് പഴൂക്കര എന്‍എസ്എല്‍പി സ്‌കൂള്‍. സ്‌കൂളിലെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു ജനാധിപത്യ വ്യവസ്ഥയുടെ കാതലായ തെരഞ്ഞെടുപ്പ് എങ്ങനെയെന്നു കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ പരിചയപ്പെടുത്തിക്കൊടുത്തത്.
ലോക്‌സഭ ഇലക്ഷനോടനുബന്ധിച്ചുള്ള ബൂത്ത് പരിശോധനക്കായി ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് പോളിംഗ് ബൂത്തിനെക്കുറിച്ചു കുട്ടികള്‍ക്കുണ്ടായ സംശയമാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ അധ്യാപകരെ പ്രേരിപ്പിച്ചത്. ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പ് ഏത് രീതിയിലാണോ നടത്തുന്നത് അതുപോലെ തന്നെയാണ് പഴൂക്കര എന്‍എസ്എല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി അധ്യാപകര്‍ പോളിങ്ങ് നടത്തിയത്. വോട്ടര്‍ പട്ടികയിലെ പേരിനു പകരം ക്ലാസ് അടിസ്ഥാനത്തില്‍ പേര് എഴുതിയ സ്ലിപ് നല്‍കിയാണ് അധികൃതര്‍ തെരഞ്ഞെടുപ്പ് നടത്തിയത്. ഇലക്ട്രോണിക് മെഷീനു പകരം കമ്പ്യൂട്ടറില്‍ പ്രത്യേകം തയാറാക്കിയ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് കുട്ടികള്‍ വോട്ട് രേഖപ്പെടുത്തിയത്.
ബൂത്ത് തെരഞ്ഞെടുപ്പിന്റെ വിവിധഘട്ടങ്ങള്‍ അതേപടി നടപ്പാക്കി തെരഞ്ഞെടുപ്പ് രീതികള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണെന്ന് പ്രധാനാധ്യാപിക സന്ധ്യ പറഞ്ഞു.
Discussion about this post