ഭാരതീയ വിചാരകേന്ദ്രം തൃശ്ശൂർ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ മലയാള ദിനം ആഘോഷിച്ചു. പ്രശസ്ത നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ യു കെ കുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലാസിക്കൽ ഭാഷ എന്ന നിലയിൽ വേണ്ടത്ര പരിഗണന മലയാളത്തിന് ലഭിക്കുന്നില്ല എന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ കൂടുതൽ ഗൗരവതരമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. മാതൃഭാഷ പഠിക്കാത്ത ഒരു തലമുറ വളർന്നു കൊണ്ടിരിക്കുകയാണ്. മലയാള ഭാഷ നശിക്കുകയാണെങ്കിൽ അതോടൊപ്പം മലയാളിയുടെ സംസ്കാരം കൂടിയാണ് നശിച്ചു പോകുന്നത് എന്നത് നാം തിരിച്ചറിയണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.മലയാളവും ദേശീയതയും എന്ന വിഷയത്തിൽ ജില്ലാ സമിതി അംഗം പ്രൊഫസർ എം എസ് ബാലകൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു. മലയാളത്തിന്റെ സ്വത്വം എന്നത് ഭാരതീയ സ്വത്വം തന്നെയാണെന്നും അതിനെയാണ് മലയാളത്തിലെ ആധുനിക കവികളടക്കം സാഹിത്യ രചനകളിൽ ആവിഷ്കരിച്ചതെന്നും പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് പ്രൊഫസർ എം എസ് ബാലകൃഷ്ണൻ പറഞ്ഞു. രാജശ്രീ വാര്യരുടെ സരസ്വതീവന്ദനത്തോട ആരംഭിച്ച മലയാള ദിനാഘോഷത്തിന് ഭാരതീയ വിചാരകേന്ദ്രം തൃശ്ശൂർ സ്ഥാനീയ സമിതി അധ്യക്ഷൻ പ്രൊഫസർ ശ്രീകുമാർ കുറുപ്പ് സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡണ്ട് സി എൻ മുരളീധരൻ നായർ അധ്യക്ഷനായി. ജില്ലാ സമിതി അംഗം ഡോക്ടർ പി വിജയൻ നന്ദി പറഞ്ഞു. ജില്ലാ സെക്രട്ടറി പ്രദീപ് ഭാസ്കർ, മുൻ സംസ്ഥാന അധ്യക്ഷൻ ഡോക്ടർ എം മോഹൻദാസ്, സംസ്ഥാന സമിതി അംഗം സി കെ സുനിൽ, മധ്യ മേഖല സെക്രട്ടറി ഷാജി വരവൂർ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post