കൊച്ചി: നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി സക്ഷമ എറണാകുളം ജില്ലയിൽ സപ്തംബർ 7, 8 തിയ്യതികളിൽ നടത്തുന്ന ബോധവൽക്കരണ സന്ദേശയാത്ര ആരംഭിച്ചു. മട്ടാഞ്ചേരി ടി.ഡി. ഹൈസ്കൂളിൽ എറണാകുളം RTO ജി.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അന്തരിച്ചതിന് ശേഷം നമ്മുടെ കണ്ണുകൾക്ക് തുടർന്നും കാണാൻ കഴിയുകയും അത് കാഴ്ചയില്ലാത്ത രണ്ടു വ്യക്തികളെ കാഴ്ചയുടെ ലോകത്തേക്ക് കൊണ്ടുവരാനുള്ള ദൗത്യത്തിനാണ് സക്ഷമ നേതൃത്വം കൊടുത്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിൽ പങ്കുചേരേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സക്ഷമ സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.ആർ. മേനോൻ പതാക കൈമാറിയ ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് എം രാം കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ആശ ജി പൈ, സ്കൂൾ മാനേജർ അവിനാശ് പൈ, പി.ടി.എ. പ്രസിഡന്റ് ശൈലേഷ് പൈ എന്നിവർ ആശംസകൾ അർപ്പിച്ചു. സക്ഷമ സഹ സംഘടന സെക്രട്ടറി പി.സുഭാഷ് നേത്രദാന സന്ദേശം നൽകി. ജില്ല സെക്രട്ടറി എം.ബി. സുധീർ സ്വാഗതവും വൈസ് പ്രസിഡന്റ് രാജീവ് നാരായണൻ നന്ദിയും അറിയിച്ചു.













