വൈദേശിക മാനസികാവസ്ഥയെ ഇല്ലാതാക്കി, നമ്മുടെ രാഷ്ട്രമായ ഭാരതത്തിൻ്റെ സംസ്കാരത്തെ ഉൾക്കൊള്ളുന്ന മാനസികാവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ് ഭാരതം എന്ന പേര് പ്രചരിപ്പിക്കുന്നതിൻ്റെ കാതൽ എന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ നിർവാഹക സമിതി അംഗം ഡോ.സദാനന്ദ ദാമോദർ സപ്രെ പറഞ്ഞു. ഇന്നും ഇംഗ്ലീഷ് മാനസികാവസ്ഥയുള്ളവരാണ് ( English Mindset) ഭാരതമെന്ന ദേശീയ കാഴ്ചപ്പാടിനെ എതിർക്കുന്നത്.
ലോകത്തിലെ വിവിധ സംസ്കാരങ്ങളിൽ നിന്ന് നന്മകളെ സ്വീകരിച്ച് തുടർച്ചയായി വളർന്നുകൊണ്ടിരിക്കുന്നതാണ് ഭാരതീയ സംസ്കാരം അഥവാ സനാതന ധർമ്മം. ഒന്നിനേയും അന്യമായി കണ്ടവരല്ല ഭാരതീയർ. ഭാരതീയ ജ്ഞാന പാരമ്പര്യത്തിനനുസൃതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴേ യഥാർത്ഥ ഭാരതമെന്ന സങ്കൽപ്പത്തിലേക്ക് നമുക്ക് പൂർണമായി എത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ആൻറ് ഭാരത് – കൺസെപ്റ്റ് ആൻറ് പെർസിപ്ഷൻ എന്ന വിഷയത്തിൽ ഭാരതീയ വിചാരകേന്ദ്രം മഞ്ചേരിയിൽ സംഘടിപ്പിച്ച സംവാദസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡൻറ് അഡ്വ.കെ.ആർ.അനൂപ് അധ്യക്ഷത വഹിച്ചു. ഖണ്ഡ് സംഘചാലക് പി.കെ.വിജയൻ, സെക്രട്ടറി സി.ടി.സുരേശൻ, വൈസ് പ്രസിഡൻറ് എം.നന്ദകുമാർ, സംസ്ഥാന സെക്രട്ടറി ശ്രീധരൻ പുതുമന, സംസ്ഥാന സമിതി അംഗം അഡ്വ.എൻ.അരവിന്ദൻ, മേഖലാ സംഘടനാ സെക്രട്ടറി രാമചന്ദ്രൻ പാണ്ടിക്കാട്, ജില്ലാ പ്രസിഡൻ്റ് ഡോ.എം.പി.രവിശങ്കർ, സെക്രട്ടറി എം.പി. കൃഷ്ണാനന്ദൻ, സംഘടനാ സെക്രട്ടറി കെ.കൃഷ്ണകുമാർ, ജോ. സെക്രട്ടറി ടി.മുകുന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.
Discussion about this post