കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ ആകുലപ്പെട്ട കോടാനുകോടി അയ്യപ്പ ഭക്തരില്‍ ആത്മവിശ്വാസം ജനിപ്പിച്ച ഒക്ടോബര്‍ 2 ആചാരസംരക്ഷണ ദിനമായി ആചരിക്കുമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്‍ അറിയിച്ചു. കേരള ചരിത്രത്തില്‍ സ്വര്‍ണാക്ഷരങ്ങളില്‍ എഴുതേണ്ട ദിവസമാണതെന്നും അന്നാണ് മണികണ്ഠസ്വാമി കളിച്ചു വളര്‍ന്ന പന്തളത്തെ തെരുവില്‍ പതിനായിരക്കണക്കിന് മഹിളകള്‍ ആചാര സംരക്ഷണത്തിന് പ്രതിജ്ഞയെടുത്തിറങ്ങിയതെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ആചാര സംരക്ഷണ ദിനത്തോടനുബന്ധിച്ചു, കേരളത്തിലും തമിഴ് നാട്ടിലും, അയ്യപ്പ സേവാ സമാജത്തിന്റെ അയ്യപ്പ യോഗങ്ങള്‍ നടന്നു വരുന്ന എല്ലാ സ്ഥലങ്ങളിലും പ്രത്യേക പൂജയും, ശബരിമാതാ സമ്മേളനം എന്ന പേരില്‍ വനിതായോഗങ്ങളും സംഘടിപ്പിക്കും. സനാതന ധര്‍മ്മത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കും. സംന്യാസിമാരും ഗുരുസ്വാമിമാരും പങ്കെടുക്കും.
ലോകജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ‘മാനുഷര്‍ക്കമൃതാണീ അയ്യപ്പ ധര്‍മ്മം’ എന്ന ശീര്‍ഷകത്തില്‍ ലഘുലേഖ വിതരണം ചെയ്യും.
Discussion about this post