തിരുവനന്തപുരം: അതിവേഗം ഒന്നാം ഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ തുറമുഖത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം ഇൻ്റർനഷണൽ സീ പോർട്ട് തിരുവനന്തപുരം എന്നാണ് തുറമുഖത്തിന്റെ പേര്. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി യാഥാർഥ്യമാകുന്നതോടെ അന്താരാഷ്ട്ര മറൈൻ ട്രാൻസ്ഷിപ്മെൻ്റ് രംഗത്ത് അനന്ത സാധ്യതകൾ നാടിന് തു റന്ന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പ്രഖ്യാപിച്ചതുപോലെ ഒക്ടോബർ ആദ്യ വാരത്തോടെ ചരക്ക് കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തും. ഇത് എല്ലാ മലയാളികൾക്കും സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പുതിയ പേരും ലോഗോയും തുറമുഖത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് പുതിയ ഗതിവേഗം നല്‍കും. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ ഹാര്‍മണി ഹാളില്‍ നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ കേരള സര്‍ക്കാര്‍ സ്പെഷ്യല്‍ പര്‍പ്പസ് കമ്പനിയായ വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. കമ്പനിയുടെ സമൂഹമാധ്യമ ചാനലുകളുടെ പ്രകാശനം വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് സ്വാഗതവും വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട്സ് ലിമിറ്റഡ് എംഡി ഡോക്ടര്‍ അദീല അബ്ദുള്ള പ്രസന്റേഷനും നിര്‍വഹിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് ഝാ നന്ദി പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി ചടുലമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തുറമുഖത്തിന്റെ യശസ്സ് പുതിയ ലോഗോ വര്‍ധിപ്പിക്കുകയും ലോകശ്രദ്ധ തുറമുഖത്തേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ടായ വിഴിഞ്ഞിന്റെ ബ്രേക്ക് വാട്ടറുകളുടെ നിര്‍മാണം ഏതാണ്ട് 60 ശതമാനത്തിലധികം പൂര്‍ത്തിയായി. ആദ്യഘട്ടത്തിലെ 400 മീറ്റര്‍ നിളം വരുന്ന ബര്‍ത്തിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണ്.
തുറമുഖവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് വരും മാസങ്ങളില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിനാവശ്യമായ ക്രെയിനുകളുമായി ആദ്യ കപ്പല്‍ അടുത്തമാസം 4 ന് തീരമണയും. കൂടതല്‍ ക്രെയിനുകളുമായി രണ്ടാമത്തെ കപ്പല്‍ ഒക്ടോബര്‍ 28 നും മൂന്നാമത്തെയും നാലാമത്തെയും കപ്പലുകള്‍ യഥാക്രമം നവംബര്‍ 11നും 14നും തുറമുഖത്ത് നങ്കൂരമിടും.
Discussion about this post