കൊച്ചി: ഭീകരബന്ധം കണ്ടെത്തിയ സൈബർ സെൽ എസ്‌ഐയ്‌ക്കെതിരെ നടപടി. കോട്ടയം സൈബർ പോലീസ് സ്‌റ്റേഷൻ ഗ്രേഡ് എസ്ഐ പി.എസ് റിജുമോനെയാണ് സസ്‌പെൻഡ് ചെയ്തത്. അതീവ രഹസ്യമായ വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് കൈമാറിയെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എൻഐഎയുടെ നിർദേശപ്രകാരം എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്‌പെൻഡ് ചെയ്തത്.
ജില്ലാ പോലീസ് ആസ്ഥാനത്തെ അതീവ സുരക്ഷാകാര്യങ്ങൾ ശേഖരിക്കുന്ന കേന്ദ്രമാണ് സൈബർ പോലീസ് സ്‌റ്റേഷൻ. ഇവിടുത്തെ ഗ്രേഡ് എസ്‌ഐ ആണ് സസ്‌പെൻഷനിലായ റിജുമോൻ. നിരോധിത സംഘടനയായ പിഎഫ്‌ഐയ്‌ക്ക് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പടെ ഇയാൾ ചോർത്തി നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരൻ താരിഷ് റഹ്‌മാനാണ് വിവരങ്ങൾ കൈമാറിയത്. ഇക്കാര്യം ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ഏതാനും നാളുകളായി റിജുമോൻ എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞയിടയ്‌ക്ക് ചെന്നൈയിൽ നിന്ന് പിടിയിലായ പിഎഫ്‌ഐ ഭീകരർക്കും റിജുമോനുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ഇയാൾ നേരത്തെ കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്ക് പ്രവേശനം ലഭിച്ചെങ്കിലും സൈബർ സെല്ലിൽ തുടരാനാണ് പിഎസ് റിജുമോൻ താത്പര്യം പ്രകടിപ്പിച്ചിരുന്നത്. കേരളാ പോലീസ് സേനിലെ ‘പച്ചവെളിച്ചം’ അണഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് റിജുമോനെതിരായ കണ്ടെത്തൽ.
Discussion about this post