തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമർപ്പിക്കും. കാസർകോഡ് ഓൺലൈൻ വഴിയാകും ഉദ്ഘാടനം. ചൊവ്വാഴ്ചയാണ് രണ്ടാം വന്ദേ ഭാരതിന്റെ പ്രഥമ സർവീസ് നടക്കുക. ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് സൂപ്പര്‍ ഹിറ്റാക്കിയ കേരളത്തിലേക്ക് ഇന്ത്യൻ റെയിൽവേയുടെ സമ്മാനമാണ് പുത്തൻ നിറമണിഞ്ഞ പുതിയ വന്ദേ ഭാരത് എക്സ്പ്രസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി ഒമ്പത് വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. ഇതിന്റെ കൂട്ടത്തിലാണ് കേരളത്തിന് കേന്ദ്രം നൽകിയ ഓണസമ്മാനമായ രണ്ടാം വന്ദേ ഭാരതിന്റെ ഉദ്ഘാടനവും. ഓൺലെെൻ വഴി പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുമ്പോൾ കാസർഗോഡ് സ്ലറ്റഷനിലാകും ട്രെയിൻ. ഉച്ചയ്‌ക്ക് 12.30 നാണ് ഉദ്ഘാടന ചടങ്ങുകൾ. തുടർന്ന് കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്.
വന്ദേ ഭാരത് 2.0 ഇതിനകം തന്നെ പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. സ്റ്റോപ്പുകളും സമയക്രമവും സംബന്ധിച്ച് കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് അന്തിമ വിജ്ഞാപനവും പുറത്തിറക്കി. ആഴ്ചയിൽ ആറ് ദിവസമാണ് പുതിയ വന്ദേ ഭാരത് സർവീസ് നടത്തുക. കൊല്ലം , ആലപ്പുഴ ,എറണാകുളം ജംഗ്ഷൻ, തൃശ്ശൂർ ഷോർണൂർ ജംഗ്ഷൻ, കോഴിക്കോട്, കണ്ണൂർ ,കാസർഗോഡ് എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റോപ്പുകൾ. പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മറ്റി പി കെ കൃഷ്ണദാസ് കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് നൽകിയ നിവേദനത്തെ തുടർന്ന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Discussion about this post