കൊച്ചി: ഗുരുവായൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ ലക്ഷങ്ങള്‍ വില മതിക്കുന്ന ക്ഷേത്ര ഭൂമി മുനിസിപ്പാലിറ്റിക്ക് ദേവസ്വം അധികൃതര്‍ വെറുതേ വിട്ടുകൊടുത്തത് ഹൈക്കോടതി തടഞ്ഞു. ഭൂമിയില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ ആവശ്യപ്പെട്ട ജസ്റ്റിസ് അനില്‍ നരേന്ദ്രന്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവര്‍, ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഗുരുവായൂര്‍ നഗരസഭ, ദേവസ്വം അധികൃതര്‍ എന്നിവരോടു നിര്‍ദേശിച്ചു.
റെയില്‍വെ സ്റ്റേഷനു സമീപത്തുള്ള 9.62 സെന്റാണ്, തിരുവെങ്കിടം റെയില്‍വെ അടിപ്പാതയ്‌ക്ക് റോഡുണ്ടാക്കാനെന്ന പേരില്‍, ഒന്നും വാങ്ങാതെ മുനിസിപ്പാലിറ്റിക്ക് കൈമാറിയത്. ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കത്തു നല്കിയിരുന്നു. കഴിഞ്ഞ ജൂലൈ 17ന് ആയിരുന്നു തീരുമാനം.
ക്ഷേത്രത്തിലേക്കുള്ള ഭക്തര്‍ക്ക് സൗകര്യമാകുമെന്നു പറഞ്ഞാണ് നടപടി. എന്നാല്‍ ക്ഷേത്രത്തിലേക്കുള്ള ആറു സുപ്രധാന പാതകള്‍ക്കും അടിപ്പാതയുമായി ബന്ധമില്ല. വളരെക്കുറച്ചുപേര്‍ ഉപയോഗിക്കുന്ന ചെറിയ പാതയാണുള്ളത്. മാത്രമല്ല, റെയില്‍വെ മേല്‍പ്പാലം പണിയുന്നതിനാല്‍ അടിപ്പാതയാവശ്യമില്ലെന്നിരിക്കേയാണ് ഭൂമി നഗരസഭയ്‌ക്ക് സൗജന്യമായി കൈമാറിയത്. ഇത് ദേവസ്വവും നഗരസഭയും രഹസ്യമാക്കി വച്ചെങ്കിലും പിന്നീട് പുറത്തുവന്നതോടെ വിവാദമായി. തുടര്‍ന്ന് ക്ഷേത്ര ഭൂമി വിട്ടുകൊടുക്കാന്‍ ഭരണ സമിതിക്ക് അധികാരമില്ലെന്നും അവര്‍ ദേവസ്വത്തിന്റെ നടത്തിപ്പുകാര്‍ മാത്രമാണെന്നും നടപടി തടയണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു, അഡ്വ. വി. സജിത്കുമാര്‍ മുഖേന പൊതുതാത്പര്യ ഹര്‍ജി നല്കുകയായിരുന്നു.
ഗുരുവായൂര്‍ ദേവസ്വം നിയമത്തിന്റെ പച്ചയായ ലംഘനമാണ് ഭരണസമിതിയുടേതെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ക്ഷേത്ര സ്വത്ത് അന്യാധീനപ്പെടുത്തരുതെന്ന കോടതി വിധികളും ഇവര്‍ ലംഘിച്ചു. ഭഗവാന്റെയും ഭക്തരുടെയും ആവശ്യങ്ങള്‍ക്കേ ക്ഷേത്ര സ്വത്ത് ഉപയോഗിക്കാവൂയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ സ്വത്താണ് ഇങ്ങനെ അനധികൃതമായി നഗരസഭയ്‌ക്ക് റോഡും അടിപ്പാതയുമുണ്ടാക്കാന്‍, ആലോചനയൊന്നുമില്ലാതെ കൈമാറിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
2008ല്‍ ദേവസ്വം അധികൃതര്‍ ക്ഷേത്രത്തിലെ ഒരു കോടി രൂപ നഗരസഭയ്‌ക്ക് നല്കിയത് കോടതി തടഞ്ഞിരുന്നു. 2020ല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്ര സ്വത്തില്‍ നിന്ന് അഞ്ചുകോടി രൂപ കൊടുത്തതും, നിയമ വിരുദ്ധമായതിനാല്‍, കോടതി വിലക്കിയിരുന്നു, ഹര്‍ജിയില്‍ തുടരുന്നു.
Discussion about this post