കൊച്ചി: വീടിനുസമീപത്തെ പ്രാർഥനാ കേന്ദ്രത്തിൽനിന്നുള്ള അമിത ശബ്ദത്തെക്കുറിച്ച് പരാതിപ്പെട്ട വനിതയുടെപേരിൽ കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കാനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
ആലപ്പുഴ സ്വദേശിനിയാണ് തനിക്കെതിരേ നോർത്ത് പോലീസ് കേസെടുത്തതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി, ശല്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് വനിതയ്ക്കെതിരേ ചുമത്തിയത്. 2019-ലാണ് സംഭവം.
എന്നാൽ, പ്രാർഥനാകേന്ദ്രത്തെക്കുറിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിലെ നടപടികൾ അറിയാൻ വിളിച്ചപ്പോൾ ഇൻസ്പെക്ടർ മോശമായാണ് പ്രതികരിച്ചതെന്നും ഇതു ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി, പോലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവർക്ക് പരാതിനൽകിയതിന്റെ വൈരാഗ്യം തീർക്കാനാണ് തനിക്കെതിരേ കള്ളക്കേസ് രജിസ്റ്റർചെയ്തതെന്നും ഹർജിക്കാരി വാദിച്ചു. ഇൻസ്പെക്ടർക്കെതിരേ മുൻപേ പരാതിയുള്ളതായും ചൂണ്ടിക്കാട്ടി.
എഫ്.ഐ.ആർ. പരിശോധിച്ച കോടതി ഇൻസ്പെക്ടർക്കെതിരേ ഹർജിക്കാരി പരാതി നൽകിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വിലയിരുത്തി. മാത്രമല്ല ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു എന്നതടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി വിലയിരുത്തി.
കേസ് രജിസ്റ്റർ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയോടാണ് നിർദേശിച്ചിരിക്കുന്നത്. ഇൻസ്പെക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹർജിക്കാരി സ്വയമാണ് കേസ് വാദിച്ചത്.
Discussion about this post