ശ്രീനാരായണഗുരുദേവനെ സനാതനധർമ്മത്തിൽനിന്ന് അടർത്തിമാറ്റാനുള്ള ശ്രമങ്ങൾ അപലപനീയമാണെന്ന് ശ്രീമദ് ശിവ സ്വരൂപാനന്ദ സ്വാമികൾ പറഞ്ഞു. കുരുക്ഷേത്ര ബുക്സ് പ്രസിദ്ധീകരിച്ച യോഗേശ്വരനായ ശ്രീനാരായണഗുരു എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു സ്വാമിജി.
ഗുരുദേവൻ സനാതനധർമ്മപരമ്പരയിലെ ഋഷി തന്നെയാണ്. അതിൻ്റെ തെളിവ് ഗുരുവിൻ്റെ കൃതികൾതന്നെയാണ്. ഉപനിഷത്തിൻ്റെതന്നെ ആശയങ്ങളാണ് ഗുരുവിൻ്റെ കൃതികളിലെ മുഖ്യ ഉള്ളടക്കം, പലപ്പോഴും ഉപനിഷത് അങ്ങനെതന്നെ ഉദ്ധരിക്കുകകൂടി ചെയ്യുന്നുണ്ട്!സനാതനധർമ്മവിരുദ്ധതയുടെ വക്താക്കളുടെ തലവനായി ഗുരുവിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമം സാമൂഹികവിരുദ്ധമായ കാര്യമായേ കാണാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശാലഹിന്ദുസമ്മേളനത്തിൻ്റെ മുഖ്യ സംഘാടകന്മാരിൽ ഒരാളും ജില്ലാ ജഡ്ജിയുമായിരുന്ന അഡ്വ. ഏ.ആർ.ശ്രീനിവാസൻ 1987 ൽ രചിച്ചതാണ് പ്രസ്തുത ഗ്രന്ഥം. ഈ പുസ്തകത്തിൻ്റെ പരിഷ്ക്കരിച്ച മൂന്നാം പതിപ്പിന്റെ പ്രകാശനം കുരുക്ഷേത്ര ബുക്സ് സംവാദവേദിയിൽ സ്വാമിജി നിർവ്വഹിച്ചു. വിദ്യാഭ്യാസ വികാസകേന്ദ്രം അധ്യക്ഷനും റിട്ട.ഡി.എഫ്.ഒ.യുമായ ഡോ: എൻ.സി.ഇന്ദുചൂഡൻ പുസ്തകം ഏറ്റുവാങ്ങി. കുരുക്ഷേത്ര എം.ഡി. കാ.ഭാ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ആർ. ചന്ദ്രശേഖരൻ, ബി.വിദ്യാസാഗരൻ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post