തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ക്ഷേമസംഘടന സക്ഷമയുടെ 15-ാം സംസ്ഥാന സമ്മേളനവും ഭിന്നശേഷി ജനജാഗ്രതാ സമ്മേളനവും സമദൃഷ്ടി സ്വാഭിമാന സന്ദേശയാത്രയും 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 18ന് വൈകിട്ട് മൂന്നിന് പ്രസ്‌ക്ലബിന് മുന്നില്‍ നിന്നും ആരംഭിക്കുന്ന സമദൃഷ്ടി സ്വാഭിമാന സന്ദേശയാത്ര പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.
രണ്ടായിരത്തോളം ഭിന്നശേഷിക്കാര്‍ സന്ദേശയാത്രയില്‍ അണിനിരക്കും. തുടര്‍ന്ന് സക്ഷമ കലാഞ്ജലി ഗാനസന്ധ്യ അവതരിപ്പിക്കും. വൈകിട്ട് ആറിന് ചേരുന്ന ഭിന്നശേഷി ജനജാഗ്രതാ സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സക്ഷമ ദേശീയ അദ്ധ്യക്ഷന്‍ ഡോ. ഗോവിന്ദരാജ് മുഖ്യപ്രഭാഷണം നടത്തും. ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്്. പഞ്ചാപകേശന്‍ വിശിഷ്ടാതിഥിയാകും. മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിലെ ഡോ. സബൈന്‍ ശിവദാസ് അദ്ധ്യക്ഷനാകും.
കുട്ടികള്‍ക്ക് സൗജന്യ ശ്രവണ സഹായികള്‍ നല്കുന്ന ‘സക്ഷമ ജനഗണമന’ പദ്ധതി നിംസ് എംഡി ഡോ. എം.എസ്. ഫൈസല്‍ ഖാനും ‘സക്ഷമ കലാഞ്ജലി’ സംസ്ഥാന കലാ വിഭാഗം സംയോജകന്‍ ഗോപകുമാറും ഉദ്ഘാടനം ചെയ്യും. ദേശീയ ഉപാദ്ധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍, തിരുവനന്തപുരം രക്ഷാധികാരി സി.എസ്. മോഹനന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ യു. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് സേവാശക്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.എസ്. മോഹനന്‍, കേരളാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിഷ്ണു പേരയം, പാലിയം ഇന്ത്യ പാലിയേറ്റീവ് കെയര്‍ ആഷ്‌ല റാണി, മോട്ടിവേഷന്‍ സ്പീക്കര്‍ ഡോ.എഫ്.എം. ലാസര്‍, കവി ഉദയന്‍ കൊക്കോട്, ഡോ. എം.എസ്.ഫൈസല്‍ ഖാന്‍ സ്‌പെഷല്‍ എഡ്യൂക്കേറ്റര്‍ ചന്ദ്രിക എന്നിവരെ ആദരിക്കും.
19ന് പട്ടം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ എംഡി കെ. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സക്ഷമ സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.ആര്‍. മേനോന്‍ അദ്ധ്യക്ഷനാകും. ദേശീയ അധ്യക്ഷന്‍ ഡോ. ഗോവിന്ദരാജ് മുഖ്യപ്രഭാഷണം നടത്തും. ‘അവര്‍ക്കൊപ്പം’ പുസ്തകം പ്രകാശനം ചെയ്യും.
എം.ആര്‍. രഞ്ജിത്ത് കാര്‍ത്തികേയന്‍ ക്ലാസ്സെടുക്കും. ആര്‍എസ്എസ് സഹ പ്രാന്ത പ്രചാരക് വി. അനീഷ് സമാപന സന്ദേശം നല്കും. സക്ഷമ സംസ്ഥാന സഹസംഘടനാ സെക്രട്ടറി പി. സുഭാഷ്, സമിതി അംഗങ്ങളായ ആര്‍. രഘുനാഥന്‍ നായര്‍, സന്തോഷ്‌കുമാര്‍, തിരുവനന്തപുരം ജില്ലാ ട്രഷറര്‍ ആര്‍. മിനി, ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post