കൊല്ലം: അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായി. ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയായി. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകളാണ് മാറ്റുരയ്‌ക്കുന്നത്.
അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകൾ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രക്ഷകർത്താക്കൾ അവരുടെ മൽസരമായി ഇതിനെ കാണരുത്.ഇന്ന് പരാജയപ്പെടുന്നവനാവാം നാളെ വിജയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കല പോയിന്‍റ് നേടാനുള്ള ഉപാധിയെന്ന് കരുതുന്ന രീതി ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശ്രാമ മൈതാനത്തെ ഒഎൻവി സ്മൃതി വേദിയിൽ കാസർകോടുനിന്നുള്ള വിദ്യാർത്ഥികളുടെ മംഗലം കളിയോടെയും നടി ആശാ ശരത്തിന്റെയും സംഘത്തിന്റെയും നൃത്ത ശിൽപ്പത്തോടെയും ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
പ്രധാനവേദിയിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ കൊല്ലം മത്സരച്ചൂടിലേക്ക് കടക്കും. നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി. കലോത്സവത്തിൻറെ സമാപന സമ്മേളനം എട്ടിന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യും. മമ്മൂട്ടി ചടങ്ങിൽ വിശിഷ്‌ടാതിഥിയാവും.
Discussion about this post