കൊച്ചി: പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് പോലീസിന് കര്‍ശന പരിശീലനം നല്കണമെന്ന് ഹൈക്കോടതി. ആലത്തൂരിലെ അഭിഭാഷകനും
പോലീസും തമ്മില്‍ സ്റ്റേഷനുള്ളില്‍ നടന്ന തര്‍ക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചത്. കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന പോലിസ് മേധാവി ഷേഖ് ദര്‍വേഷ് സാഹേബും ഓണ്‍ലൈനായി കോടതിയില്‍ ഹാജരായിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.
പോലീസ് ഓഫീസറുടെ നടപടി ശരിയെന്ന് തോന്നുന്നുണ്ടോയെന്ന് ഡിജിപിയോട് കോടതി ചോദിച്ചു. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ഡിജിപി മറുപടി നല്കി. ആരോപണവിധേയനായ എസ്‌ഐയെ സ്ഥലം മാറ്റിയെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നും പോലീസ് മേധാവി കോടതിയെ അറിയിച്ചു. വകുപ്പുതല അന്വേഷണം ആരംഭിച്ചുവെന്നും കുറ്റക്കാരന്‍ എങ്കില്‍ നടപടി ഉണ്ടാകുമെന്നും പോലീസ് മേധാവി കോടതിയില്‍ ഉറപ്പു നല്കി. കോടതിയുടെ താല്‍പര്യം എന്താണെന്നു മനസിലാക്കണമെന്നും ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതെ നോക്കണമെന്നും കോടതി ഡിജിപിയോട് നിര്‍ദ്ദേശിച്ചു.
ഒരു വാഹനപകടക്കേസില്‍ വണ്ടി വിട്ടുകിട്ടാനുള്ള കോടതിയുത്തരവുമായി ആലത്തൂര്‍ സ്റ്റേഷനിലെത്തിയ അഡ്വ. സുഹൈലിനോടു ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
Discussion about this post