കോട്ടയം: ജി.അരവിന്ദൻ സിനിമകൾ സമൂഹത്തോട് സംവദിച്ചതിൻ്റെ രീതി ഊഷ്മളമായിരുന്നുവെന്ന് പ്രമുഖ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ. പ്രദീപ് നായർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് കാറ്റും സംഗീതവുമെന്ന പോലെ ആസ്വാദ്യകരമായ അനുഭവമായി ‘കുമ്മാട്ടി’ പോലുള്ള സിനിമകൾ കണ്ടവരുണ്ട്. ബഹുമുഖ പ്രതിഭയെന്ന നിലയിൽ ജി.അരവിന്ദൻ സിനിമയെ സംവേദാത്മകമാക്കി. തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 89 ആം ജന്മദിന വാർഷിക ദിനത്തിൽ ജി.അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തമ്പ് ഫിലിം സൊസൈറ്റി അദ്ധ്യക്ഷൻ ഏറ്റുമാനൂർ രാധാകൃഷ്ണൻ, സെക്രട്ടറി അഡ്വ.അനിൽ ഐക്കര, മനു കുമാർ എന്നിവർ സംസാരിച്ചു. അഡ്വ.എസ്.ജയസൂര്യൻ പുരസ്കാര വിതരണം നടത്തി.
യോഗത്തിൽ ദേശീയ അവാർഡ് നേടിയ ‘ഒരിടം’ എന്ന സിനിമ സംവിധാനം ചെയ്ത പ്രദീപ് നായർക്ക് അഡ്വ.എസ്.ജയസൂര്യൻ ചലച്ചിത്ര പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു.
തുടർന്ന് ‘തമ്പ് ‘ എന്ന സിനിമയുടെ പ്രദർശനവും സംവാദവും നടന്നു.
Discussion about this post