വയനാട്: കാട്ടാന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം വനം വകുപ്പ് താത്കാലിക ജീവനക്കാരന്‍ കൊല്ലപ്പെട്ടതില്‍ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയതോടെ പുല്‍പ്പള്ളിയില്‍ ശനിയും ഞായറും നിരോധനാജ്ഞ. പ്രതിഷേധം അക്രമത്തിലേയ്‌ക്ക് കടക്കുകയും പൊലീസും നാട്ടുകാരുമായി സംഘര്‍ഷമുണ്ടാവുകയും ചെയ്തു.
മരണമടഞ്ഞ പോളിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കും.ഇതില്‍ അഞ്ച് ലക്ഷം ശനിയാഴ്ച തന്നെ നല്‍കും. പോളിന്റെ മകളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. ഭാര്യയ്‌ക്ക് താത്കാലിക ജോലി നല്‍കാനും തീരുമാനമായി.
പോളിന്റെ കുടുംബത്തിന് നാല്‍പത് ലക്ഷം രൂപ കൂടെ നല്‍കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാനും പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
അതിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ തുടര്‍ച്ചയായി മരണമുണ്ടാകുന്ന സാഹചര്യവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. വയനാട്ടിലെ ജനങ്ങളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്ന് വി ഡി സതീശന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി സ്ഥിതിഗതികള്‍ കൈവിട്ട് പോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ സംഘര്‍ഷത്തെ തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ ജനങ്ങള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കുപ്പിയും കല്ലും കസേരയും വലിച്ചെറിഞ്ഞു. സ്ഥലത്തെത്തിയ എംഎല്‍എമാര്‍ക്ക് നേരെ വെള്ളം നിറച്ച കുപ്പിയും എറിഞ്ഞു. സ്ത്രീകളും പ്രതിഷേധത്തിന്റെ മുന്‍മിരയിലുണ്ടായിരുന്നു.
ഇന്ന് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാര്‍ കൊണ്ടു വന്നിരുന്നു. വനം വകുപ്പിന്റെ ജീപ്പില്‍ റീത്ത് വച്ചു.
വയനാട്ടില്‍ ജനരോഷം ആളിക്കത്തിയപ്പോള്‍ എം പി എവിടെയെന്ന ചോദ്യവും ഉയര്‍ന്ന സാഹചര്യത്തില്‍ രാഹില്‍ഗാന്ധി രാത്രിയോടെ വയനാട്ടിലെത്തും.
Discussion about this post