തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജനകല്യാൺ സമിതി വർഷംതോറും നൽകിവരാറുളള ശ്രീ. ഗുരുജി പുരസ്കാരം ഈ വർഷം വൈചാരി മേഖലയിലെ മികച്ച പ്രവർത്തനം പരിഗണിച്ച് ഭാരതീയ വിചാര കേന്ദ്രത്തിന് നൽകുന്നതാണ്. പൂനെ കേന്ദ്രമാക്കി സാംസ്കാരിക, വിദ്യാഭ്യാസ , സേവന മേഖലയിൽ പ്രവർത്തിക്കുന്ന ജനകല്യാൺ
സമിതി 2006 മുതൽ വ്യത്യസ്ത മേഖലകളിലായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ശ്രീ ഗുരുജി പുരസ്കാരം നൽകിവരുന്നുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ ഡോ.എം.എസ് സ്വാമിനാഥൻ, സ്വാമി വിശ്വേശരതീർത്ഥ, എച്ച്.ആർ നാഗേന്ദ്ര, വിശ്വനാഥൻ ആനന്ദ് തുടങ്ങിയ പ്രശസ്ത വ്യക്തികൾക്കും ഇന്ത്യാഫൗണ്ടേഷൻ, വിവേകാനന്ദ കേന്ദ്രം – കന്യാകുമാരി, വിവേകാനന്ദ മെഡിക്കൽ മിഷൻ – അട്ടപ്പാടി തുടങ്ങിയ സ്ഥാപനങ്ങൾക്കും ശ്രീ. ഗുരുജി പുരസ്കാരം നൽകപെട്ടിട്ടുണ്ട്.
ഈ വർഷം സേവന മേഖലയിലെ പ്രവർത്തനത്തിന് സേവാഭാരതി തമിഴ്നാടിനും പുരസ്കാരം ലഭിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 2024 മാർച്ച് 3ന് പൂനെയിൽ നടക്കുന്ന പരിപാടിയിൽ വച്ച് ഭാരതീയ വിചാര കേന്ദ്രം ഭാരവാഹികൾ ഏറ്റുവാങ്ങും . രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ രണ്ടാമത്തെ പൂജനീയ സർസംഘചാലക് ഗുരുജി ഗോൾവാക്കറിന്റെ സ്മരണാർത്ഥം ഏർെപടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം .
Discussion about this post