തൃശ്ശൂര്‍ : ശബരിമല പ്രക്ഷോഭകാലത്ത് സംസ്ഥാന സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ ചേര്‍ന്ന സംന്യാസി സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 2656 കേസുകളാണ് നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവരുടെ പേരില്‍ എടുത്തിട്ടുള്ളത്. 2021 ഫെബ്രുവരി 24ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം ഈ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ തുടര്‍ നടപടികളിലേക്ക് കടക്കാതെ വൈകിപ്പിക്കുകയാണ്. ഇതുവരെ കേസുകള്‍ പിന്‍വലിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സംന്യാസി സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം, സിഎഎ വിരുദ്ധ സമരം, ഓര്‍ത്തഡോക്‌സ് -യാക്കോബായ പള്ളിത്തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ എല്ലാം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടുണ്ട്. ശബരിമല നാമജപ സമരക്കാര്‍ക്ക് നേരെ വൈര നിര്യാതന ബുദ്ധിയോടെയുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നതെന്നും സ്വാമി ഹംസാനന്ദപുരി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രായപൂര്‍ത്തിയായ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും സംന്യാസി സംഗമം അംഗീകരിച്ച മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് 95 കോടി പേര്‍ക്കാണ് നിലവില്‍ വോട്ടവകാശമുള്ളത്. 2019 വരെയുള്ള ലോക്‌സഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ 65 – 70 ശതമാനം ആളുകള്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തുന്നത്.
ജനാധിപത്യ പ്രക്രിയയില്‍ വോട്ടവകാശം രേഖപ്പെടുത്തുന്നതിന് വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ ഗൗരവ ബുദ്ധിയോടെ വോട്ടവകാശം വിനിയോഗിക്കാന്‍ മുഴുവന്‍ ആളുകളും തയ്യാറാകണമെന്ന് സ്വാമി അയ്യപ്പദാസ് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
രണ്ട് പ്രമേയങ്ങളും ഐകകണ്‌ഠ്യേന സംന്യാസി സംഗമം അംഗീകരിക്കുകയായിരുന്നു.
Discussion about this post