തിരുവനന്തപുരം: കാട്ടാക്കടയുടെ മണ്ണിനെ ആവേശത്തിലാഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കുന്നംകുളത്തെ പൊതുസമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി കാട്ടാക്കടയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഭാരത് മാതാ കീ ജയ് വിളികളോടെ പ്രസംഗം ആരംഭിച്ച അദ്ദേഹം പദ്മനാഭ സ്വാമിക്കും ജയ് വിളിച്ചു.
“തിരുവനന്തപുരത്തെ എന്റെ സഹോദരീ സഹോദരന്മാർക്ക് എന്റെ നമസ്കാരം” എന്ന് മലയാളത്തിൽ തന്നെ പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. കാട്ടാക്കടയിൽ ഒത്തുകൂടിയ അമ്മമാരെയും കുട്ടികളെയും ബിജെപി പ്രവർത്തകരെയും കയ്യിലെടുത്തുകൊണ്ട് ആരംഭിച്ച പ്രസംഗം ജനങ്ങളെ ആവേശത്തിലാക്കി. ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കുമെന്ന മോദിയുടെ ഗ്യാരന്റിയും അദ്ദേഹം ആവർത്തിച്ചുപറഞ്ഞു.
പദ്മനാഭ സ്വാമിയുടെയും മാതാ ഭദ്രകാളിയുടെയും മണ്ണിൽ വരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും താൻ ഭാഗ്യവാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ നാട്ടിലാണ് നാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും പാദസ്പർശമുണ്ടായതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കാട്ടാക്കടയിലെത്താൻ താമസിച്ചതിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post