മാനന്തവാടി: വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ചൊവ്വാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒൻപത് തവണ വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ അറിയിച്ചു. തേൻപാറ്, ആനക്കുന്ന് ഭാഗത്താണ് വെടിവയ്‌പ്പുണ്ടായത്. ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞയാഴ്‌ച്ച സിപി മൊയ്തീന്റെ നേതൃത്വത്തിൽ നാലു മാവോയിസ്റ്റുകൾ കമ്പമലയിൽ എത്തിയിരുന്നു അതിന് പിന്നാലെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കമ്പമലയോട് ചേർന്നുള്ള വനത്തിൽ സംഘം തങ്ങുന്നതായി പോലീസിന് ലഭിച്ച വിവരത്തിന് പിന്നാലെ നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് സൂചന.
കഴിഞ്ഞ ബുധനാഴ്ച രാവിലെ രാവിലെ 6.10 നായിരുന്നു സി.പി.മൊയ്തീന്റെ നേതൃത്വത്തില്‍ നാലുപേര്‍ സ്ഥലത്തെ പാടിയില്‍ എത്തിയത്. രണ്ടുപേരുടെ കൈയിലും ആയുധമുണ്ടായിരുന്നു. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും മാവോയിസ്റ്റുകള്‍ എത്തുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്‌കരിക്കണമെന്നും ഇവര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാരുമായി ക്കുതര്‍ക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിച്ച കമ്പമലയിലെ ദുരിതങ്ങൾ ഉന്നയിച്ചു മാവോയിസ്റ്റുകൾ വനം വികസന കോർപറേഷൻ ഡിവിഷൻ ഓഫിസ് പട്ടാപ്പകൽ ആക്രമിച്ചിരുന്നു. തുടർന്നും പലവട്ടം സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സായുധ സംഘം കമ്പമലയിൽ എത്തി. പോലീസ് ഹെലികോപ്റ്റർ വരെ എത്തിച്ച് തെരച്ചിൽ നടത്തിയിട്ടും മാവോയിസ്റ്റുകളെ കണ്ടെത്താനായിരുന്നില്ല.
Discussion about this post