പാലക്കാട്: ഭാരതീയ സംസ്‌കാരത്തെ കുറിച്ച് പുതുതലമുറയ്‌ക്ക് അവബോധമുണ്ടാക്കാന്‍ സംസ്‌കൃതത്തിലൂടെ കഴിയണമെന്ന് പ്രശസ്ത സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി അഭിപ്രായപ്പെട്ടു. താരേക്കാട് ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി ഹാളില്‍ നടന്ന വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 44-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്‌കൃതം ഉള്‍ക്കൊണ്ടാല്‍ നല്ല മനസുണ്ടാവും. അതുവഴി ഭാരതത്തെ കുറിച്ച് അഭിമാനമുള്ള ജനതയെ വളര്‍ത്തിയെടുക്കാനും കഴിയും. അതിനാല്‍ കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കാന്‍ രക്ഷിതാക്കളും മുന്‍കൈയെടുക്കണം. സംസ്‌കൃത പഠനത്തിന് പ്രേരണയും ഉത്സാഹവും നല്‍കുന്ന ജനകീയ പ്രസ്ഥാനമാണ് സംസ്‌കൃതഭാരതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്‌കൃതഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. പി.കെ. മാധവന്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. സംകൃതഭാരതി അഖിലഭാരതീയ മുഖ്യകാര്യദര്‍ശി സത്യനാരായണ ഭട്ട് മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ മുഖ്യാതിഥിയായി. ‘വാക്ശ്രീ’ സംസ്‌കൃത ബാലകവിതാ സമാഹാരം സംസ്‌കൃത ഭാരതി അഖിലഭാരതീയ സെക്രട്ടറി പ. നന്ദകുമാര്‍ മണ്ണൂര്‍ രാജകുമാരനുണ്ണിക്ക് നല്‍കി പ്രകാശനം ചെയ്തു. ഡോ. ദീപക്‌രാജ് പുസ്തകത്തിലെ ഗീതം ആലപിച്ചു. ഡോ. ഒ.എസ്. സുധീഷ് പുസ്തകപരിചയം നടത്തി.
സംസ്‌കൃത പ്രചാരകനും കവിയുമായിരുന്ന വി. കൃഷ്ണശര്‍മ്മയുടെ സ്മരണയ്‌ക്കായി പ്രതിഷ്ഠാനം നല്‍കിവരാറുള്ള ‘ശര്‍മ്മാജി പുരസ്‌കാരം’ കൊല്ലം പാരിപ്പള്ളി അമൃത സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്‌കൃത അധ്യാപനും കവിയും പ്രഭാഷകനുമായ വി.ജെ. ശ്രീകുമാറിന് നല്‍കി. ഡോ. എ. സ്വാമിനാഥന്‍, വി.കെ. രാജേഷ്, പ്രൊഫ. കെ. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സരള സംസ്‌കൃത പരീക്ഷ പ്രമാണപത്ര വിതരണവും നടന്നു. ഇന്ന് രാവിലെ 10ന് കദളീവനം ഹാളില്‍ നടക്കുന്ന പ്രതിനിധിസഭ സംകൃതഭാരതി അഖിലഭാരതീയ മുഖ്യകാര്യദര്‍ശി സത്യനാരായണ ഭട്ട് ഉദ്ഘാടനം ചെയ്യും.
Discussion about this post