ഹരിപ്പാട്: ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രഭൂമികള്‍ പേ ആന്‍ഡ് പാര്‍ക്ക് നടത്തുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ലേലം ചെയ്തു കൊടുക്കാനുമുള്ള നടപടി നിര്‍ത്തിവച്ചില്ലെങ്കില്‍ നിയമപരമായും സംഘടനാപരമായും തടയുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടന സെക്രട്ടറി വി. സുശികുമാര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാസമിതി സംഘടിപ്പിച്ച ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവസ്വം സ്വത്തുവകകള്‍ സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡുകള്‍, ബ്രിട്ടീഷുകാരെയും മുഗളന്മാരെയും ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കൊള്ളസംഘങ്ങളായി അധപ്പതിച്ചിരിക്കുകയാണ്. കൊവിഡ് ലോക്ക്ഡൗണിന്റെ മറവില്‍ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ടില്‍ പണയം വയ്‌ക്കാനുള്ള ദേവസ്വം ബോര്‍ഡ് നീക്കം ഹിന്ദു ഐക്യവേദി നിയമനടപടിയിലൂടെ തടഞ്ഞിരുന്നു. ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ദേവസ്വം ബോര്‍ഡുകളില്‍ നിന്നും ഭക്തസമൂഹം ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്ന കാലം വിദൂരമല്ലെന്ന് സുശികുമാര്‍ പറഞ്ഞു.
ഐക്യവേദി ആലപ്പുഴ ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണപ്പണിക്കര്‍ അധ്യക്ഷനായി. സംസ്ഥാനസമിതി അംഗം സി.എന്‍. ജിനു, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ഗിരിജാ സുശികുമാര്‍, ജില്ലാ രക്ഷാധികാരി അംബികാ ഹരിഹരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അംബിക സോമന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം. പ്രഗത്ഭന്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. മഹിള ഐക്യവേദി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ലതാ ഹരീന്ദ്രന്‍, ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറര്‍ ഹരിഹരന്‍ പിള്ള, വൈസ് പ്രസിഡന്റ് വി.ടി. പ്രദീപ്, ജില്ലാ സെക്രട്ടറിമാരായ ആര്‍. സജി, എന്‍. ജയപ്രകാശ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ ട്രഷറര്‍ എം.ആര്‍. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post