കോട്ടയം: പട്ടികജാതി, പട്ടിക വര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വകമാറ്റി ചെലവഴിച്ചതില്‍ ഉന്നതതല അ ഷണം വേണമെന്ന് ഹിന്ദു ഐക്യവേദി.
വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി അനുവദിച്ച തുക വക മാറ്റി ചെലവഴിച്ചതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ് കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും സമുദായ സംഘടനകളുടെ ഏകോപന സമിതിയായ സാമൂഹ്യനീതി കര്‍മ്മസമിതിയും സംയുക്തമായി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ച് വര്‍ഷത്തിലധികമായി എസ്‌സി, എസ്ടി, ഒഇസി, ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ സമയത്ത് ലഭിക്കുന്നില്ല. ഇവര്‍ക്ക് ലഭിച്ചിരുന്ന അനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കടുത്ത വീഴ്ചയും കെടുകാര്യസ്ഥതയുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ലംപ്‌സം ഗ്രാന്റ്, സ്‌കോളര്‍ഷിപ്പ്, ഇ-ഗ്രാന്റ്, ഹോസ്റ്റല്‍ ഫീസ്, പോക്കറ്റ് മണി എന്നിവയുടെ വിതരണങ്ങളെല്ലാം താളംതെറ്റി. 2017-18 മുതല്‍ 2023-24 വരെയുള്ള ആനുകൂല്യങ്ങള്‍ കുടിശികയാണ്. ധന, വിദ്യാഭ്യാസ, പട്ടികജാതി-വര്‍ഗ, പിന്നാക്ക വകുപ്പുകള്‍ ആനുകൂല്യ വിതരണത്തിലും ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിലും അനാസ്ഥയാണ് പുലര്‍ത്തുന്നത്. ഇത് പിന്നാക്ക ജനസമൂഹത്തോടുള്ള അവഗണനയാണ്.
വിദ്യാഭ്യാസ ആനുകൂല്യ നിഷേധത്തിനെതിരെ സെക്രട്ടേറിയറ്റിലും സംസ്ഥാനത്തെ മുഴുവന്‍ കളക്ട്രറേറ്റുകള്‍ക്ക് മുമ്പിലും ആഗസ്ത് ഒന്നിന് ധര്‍ണ സംഘടിപ്പിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രൊഫ.ടി. ഹരിലാല്‍, പി.എസ്. പ്രസാദ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post