അങ്ങനെ ഒരു സ്വാതന്ത്ര്യ ദിനം കൂടി. …
കഴിഞ്ഞ 4 വർഷങ്ങൾക്ക് മുമ്പാണ് ബാംഗ്ലൂർ Reva University ൽ ഞാൻ Indology ഡിപ്ലോമയ്‌ക്ക് ചേർന്നത്. Course പൂർത്തിയായിട്ട് ഇപ്പോൾ 3 വർഷം. ഭാരത സംസ്ക്കാരത്തെ കൂടുതൽ അടുത്തറിയാനും ഞാൻ പരിചയിക്കുന്ന കലയിലേക്ക് അത് പ്രതിഫലിപ്പിക്കാനും ഉള്ള ഒരു പഠനം ആയി ആണ് തുടങ്ങിയത് എന്നാൽ രണ്ടു Semester കളിലായി ഉള്ള ആ പഠനം ഭാരത സംസ്ക്കാരത്തിന്റെ ഒരു ദീർഘ വീക്ഷണത്തെ എന്നിലേക്ക് ആഴത്തിൽ പടർത്താൻ ഉള്ള ഒരു വേദി ആയി മാറുകയായിരുന്നു. വിഭജനത്തിന് മുമ്പുള്ള ഭാരതത്തെ കൂടുതൽ അറിഞ്ഞതും സ്നേഹിച്ചു തുടങ്ങിയതും അപ്പോഴാണ്. ഒരിക്കൽ വളരെ ഊർജ്ജസ്വലവും അഭിവൃദ്ധി കൈവരിച്ചിരുന്നതും എന്നാൽ പിന്നീട് വിഭജിക്കപ്പെട്ടതുമായ ഗാന്ധാരവും (ഇപ്പോഴത്തെ അഫ്ഗാൻ), വങ്കവും (ഇപ്പോഴത്തെ ബംഗ്ലാദേശ് ), സിന്ധും (ഇപ്പോഴത്തെ പാകിസ്ഥാൻ ) ചരിത്ര സംഭവങ്ങൾ അടിച്ചേല്പിച്ച ഭൂപടത്തിലെ വെറും അതിർത്തി രേഖകൾ മാത്രമാണെന്ന് എന്നെ ആ പഠനം എപ്പോഴും ഓർമിപ്പിക്കുന്നു. ഇന്ന് ഞാൻ അവർക്കു സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രാചീന സംസ്ക്കാരങ്ങൾ എത്രമാത്രം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും സാംസ്‌ക്കാരിക ഭാരതം എപ്പോഴും ഒന്നായിരുന്നു എന്നുള്ളതും എത്ര സത്യം അല്ലെ!
ഈ ചിന്തകൾ എന്നെ പലപ്പോഴും വടക്കാഞ്ചേരി വ്യാസ NSS college ലെ English Literature class ൽ കൊണ്ട് ചെന്ന് നിർത്താറുണ്ട്. കവിത ടീച്ചർ പഠിപ്പിച്ച R K Narayan ന്റെ The Guide എന്ന നോവലിൽ. ഭാരതീയ -പശ്ചാത്യ സംസ്ക്കാരങ്ങൾ juxtapose ചെയ്തുകൊണ്ട് tourist guide ആയ രാജു spiritual guide ആയി മാറിയ കഥ. റോസി നളിനി ആയി മാറി ഭരതനാട്യം എന്ന കലയെ ഉപാസിച്ചു കൊണ്ട് സംസ്ക്കാരത്തെ uphold ചെയ്യാൻ ശ്രമിക്കുന്ന കഥ. The Guide എനിക്കെന്നും ഒരു Guide ആയിട്ടുണ്ട്, കാരണം, നോവൽ അവസാനിക്കുന്നത് അത്യന്തികമായ സ്വാതന്ത്ര്യത്തെ – മനസ്സിന്റേയും ആത്മാവിന്റേയും സ്വാതന്ത്ര്യത്തെ -പ്രതീകം ആക്കികൊണ്ടാണ്. സമൂഹത്തിന്റെ പ്രതീക്ഷകളേയും വ്യക്തിപരമായ പരിമിതികളേയും കാറ്റിൽ പറത്തിക്കൊണ്ടുള്ള ആത്യന്തികമായ ആ സ്വാതന്ത്ര്യം!
ഇന്ന്, മറ്റൊരു സ്വാതന്ത്ര്യ ദിനാഘോഷം കൂടി കഴിഞ്ഞു നിൽക്കുമ്പോൾ, സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ, ഒരു കൊളോണിയൽ ഭരണത്തിന്റെ ഒഴിഞ്ഞുപോക്കല്ല, മറിച്ച് നമുക്ക് ചുറ്റും നാം നിർമ്മിച്ച മാനസികവും വൈകാരികവുമായ അതിർത്തികളിൽ നിന്നുള്ള മോചനമായാണ് ഞാൻ അതിനെ കാണുന്നത്.
എന്റെ Indology പഠനവും literature class ഉം ഇവിടെ പറയാൻ കാരണം, അതിൽ നിന്നൊക്കെ എനിക്ക് കിട്ടിയ അനുഭവങ്ങൾ വളരെ ശക്തമായ ഒരു സത്യത്തെ വിളിച്ചോതുന്നതാണ് – വസുധൈവ കുടുംബകം! ഈ ലോകം മുഴുവൻ എന്റെ കുടുംബം ആണെന്ന് ഭാരത സംസ്ക്കാരം നമ്മുക്ക് പഠിപ്പിച്ചു തരുമ്പോൾ ഈ ലോകത്തിലെ ഓരോ സംസ്ക്കാരവും, പാരമ്പര്യവും, വ്യക്തിയും വിലമതിക്കുന്ന ഒരു global community യെ ചേർത്തുപിടിച്ചു കൊണ്ട് എല്ലാ പരിമിതികൾക്കുമപ്പുറം ഉയരാൻ നമ്മുടെ മനസ്സിനും ആത്മാവിനും(ഉള്ളവർക്ക്) സാധിക്കട്ടെ! ആഘോഷിക്കേണ്ട യഥാർത്ഥ സ്വാതന്ത്ര്യവും ഇത് തന്നെയല്ലേ? ! എന്നൊരു ചിന്ത.
സ്നേഹം
രചന നാരായണൻകുട്ടി
Discussion about this post