കോട്ടയം: ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേവഹിതം അറിഞ്ഞു വേണമെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ഭസ്മക്കുളം മാറ്റുന്നത് ഹൈക്കോടതി ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. എങ്കിലും മറ്റുപല നിര്‍മാണങ്ങള്‍ക്കും കോപ്പുകൂട്ടലുണ്ട്. ഇതിന്റെ മറവില്‍ നടത്താവുന്ന തീവെട്ടിക്കൊള്ളയെക്കുറിച്ചാണ് അധികൃതര്‍ ചിന്തിക്കുന്നത്. ആരോടും ആലോചിക്കാതെ, ദേവഹിതം അറിയാതെ വിശ്വാസപരമായ കാര്യങ്ങളില്‍ ഏകപക്ഷീയമായ നിലപാടാണ് ബോര്‍ഡ് എടുക്കുന്നത്. ഇതിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചതെന്ന് വത്സന്‍ തില്ലങ്കേരി ചൂണ്ടിക്കാട്ടി.
ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായ നിര്‍മിതികളെ, പരിരക്ഷിക്കാനെന്ന പേരില്‍, സ്ഥാനം മാറ്റുന്നതും ഇല്ലാതാക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം മധ്യമങ്ങളോട് പറഞ്ഞു. മണ്ഡല മകരവിളക്ക് സമയത്ത് ക്ഷേത്ര സങ്കേതത്തിലും പരിസരത്തുമുള്ള വ്യാപാര സ്ഥാപനങ്ങള്‍ വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് മാത്രമേ ലേലം കൊള്ളാനുള്ള അനുവാദം നല്കാവൂ. അവിടെ മറ്റുള്ളവര്‍ കടകള്‍ ലേലം പിടിച്ച് ഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്ത, പരിഹസിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ആവര്‍ത്തിക്കരുത്. സുരക്ഷാ ഭീഷണി നേരിടുന്ന ശബരിമലയുടെ പരിസരം ക്ഷേത്ര ധ്വംസകര്‍ താവളമാക്കുന്നുണ്ട്. വലിയ സുരക്ഷാ ഭീഷണിയാണ് ഇതുമൂലം ഉണ്ടാകുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് വ്യാപാര സ്ഥാപനങ്ങളും മറ്റും ഹിന്ദുക്കള്‍ക്ക് മാത്രമേ നല്കൂ എന്ന നിലപാട് എടുക്കണം.
ഭക്തര്‍ക്ക് സുഖദര്‍ശനത്തിനൊപ്പം ശുദ്ധമായ ഭക്ഷണവും ഉറപ്പാക്കണം. ഇത് ബോര്‍ഡിന്റെ ചുമതലയാണ്. നേരത്തെ ലക്ഷക്കണക്കിന് പേര്‍ക്ക് സൗജന്യമായി അന്നദാനം നല്കിയിരുന്നു. ദേവസ്വം ബോര്‍ഡ് അതെല്ലാം മുടക്കി. ഒന്നുകില്‍ ഭക്തജന സംഘടനകളുടെ സഹായത്തോടെ മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം നല്കാനുള്ള സംവിധാനം അനുവദിക്കണം. അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് മുന്‍കൈയെടുത്തു എല്ലാവര്‍ക്കും അന്നദാനം ഒരുക്കണം, അദ്ദേഹം പറഞ്ഞു.
Discussion about this post