സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് ഏറെ അകലെ നില്‍ക്കാന്‍ വിധിക്കപ്പെട്ട വനവാസി സമൂഹത്തെ കൈപിടിച്ചു കൂടെ നടത്താനുള്ള നൂതന ശ്രമവുമായി വിശ്വ സേവാഭാരതി മുന്നിട്ടിറങ്ങുന്നു. അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ വനവാസി ഊരുകളിലെ കുടിവെള്ള – കാര്‍ഷിക ജല ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതികളാണ് അവര്‍ വിഭാവനം ചെയ്തു നടപ്പാക്കി വരുന്നത്. ഒപ്പം, ഉപജീവന മാര്‍ഗത്തിനായി ഔഷധ സസ്യ കൃഷിയും. ഈ കൃഷിക്കുള്ള ജലവും ലഭ്യമാക്കും. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും നബാര്‍ഡും വിശ്വ സേവാഭാരതിയും സഹകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്.
ജലക്ഷാമത്തോടൊപ്പം കാട്ടു മൃഗങ്ങളുടെ ശല്യവും മൂലം തനത് കൃഷികള്‍ പറ്റാതായതിനാലാണ് ഔഷധ കൃഷിയിലേയ്‌ക്ക് മാറിയത്. ഭക്ഷ്യ വസ്തുക്കള്‍ കൃഷി ചെയ്താല്‍ ആന, പന്നി തുടങ്ങിയവയും എലിയും നശിപ്പിക്കും. പക്ഷെ ഔഷധ സസ്യങ്ങളെ അവര്‍ തൊടില്ലത്രേ. അവയ്‌ക്കു നല്ല വില ലഭിക്കുകയും ചെയ്യും. നാല്പത്തിലേറെ ഏക്കറില്‍ നടത്തിയ കൃഷി 250 ഏക്കറിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. ആദ്യമൊക്കെ, തനത് കൃഷി വീട്ടുപോരാന്‍ ഊരിലെ പലരും മടിച്ചെങ്കിലും, ഉത്പന്നങ്ങള്‍ വിറ്റ് പണം എത്താന്‍ തുടങ്ങിയതോടെ മിക്കവരും പുതിയ സംരംഭവുമായി സഹകരിച്ചു. വിജയകരമായി നീങ്ങുന്ന പദ്ധതി പത്തോളം ഊരുകളിലേയ്‌ക്ക് വ്യാപിപ്പിക്കാനാണ് ശ്രമം.
ഇരുള വിഭാഗത്തില്‍പ്പെട്ട നൂറോളം കുടുംബങ്ങളാണ്, മലമ്പ്രദേശമായ ഇവിടെ താമസിക്കുന്നത്. മഴ തീരെ കുറവായതിനാല്‍ തനതു കൃഷികള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ നിലച്ചുപോയതോടെ പട്ടിണിയിലായിരുന്നു കുടുംബങ്ങള്‍. കുടിവെള്ളവും കിട്ടാതായിട്ട് നാളേറെയായി. അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തില്‍ സമഗ്ര ആദിവാസി വികസനം ലക്ഷ്യം വെച്ച് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതിയുടെ നടപ്പാക്കല്‍.
ട്രൈബല്‍ ഡെവലപ്‌മെന്റ് ഫണ്ട് അഥവാ ടിഡിഎഫ് എന്നാണ് പ്രോജക്ട് അറിയപ്പെടുന്നത്. 10 തരം ഔഷധസസ്യങ്ങളാണ് കൃഷി ചെയ്യുന്നത്. ഇരുവേലി, അശ്വഗന്ധം, സര്‍പ്പഗന്ധി, മരുന്നുകൂര്‍ക്ക, ആടലോടകം, കരിംകുറിഞ്ഞി, ചുണ്ട, ആവണക്ക്, കുരുമുളക്, മഞ്ഞള്‍ തുടങ്ങിയവയാണ് കൃഷി. ഷോളയൂര്‍ പഞ്ചായത്തിലെ വിദൂര ഊരുകളായ മൂലഗംഗല്‍, വെള്ള കുളം, വെച്ചപ്പതി, ഗോഞ്ചിയൂര്‍,നല്ലസിങ്ക തുടങ്ങിയ ഊരുകളിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാല, കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി, വൈദ്യരത്‌നം തുടങ്ങിയ ആയുര്‍വേദ കമ്പനികളുമായി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ മരുന്ന് ചെടികള്‍ വില്‍ക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. രണ്ട് നഴ്‌സറികളില്‍ നിന്ന് എല്ലാ ചിലവും കഴിഞ്ഞ് ഈ ഊരിലെ ആളുകള്‍ക്ക് എട്ടു ലക്ഷം രൂപ ലഭിച്ചതായി പദ്ധതിയുടെ വക്താക്കള്‍ അറിയിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കഠിനമായ വേനല്‍ക്കാലം ഇല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ വരുമാനം ഊരുകാര്‍ക്ക് കിട്ടുമായിരുന്നു. ഗ്രാവിറ്റി ഇറിഗേഷനായും കിണറും കുഴല്‍ക്കിണറും കുഴിച്ച് ടാങ്ക് നിര്‍മ്മിച്ച് അതിലേക്ക് വെള്ളം എത്തിച്ച് ഓരോ കൃഷിസ്ഥലത്തേക്കും പൈപ്പു വഴി വെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചാല്‍, എല്ലാ ആദിവാസി കൃഷിക്കാര്‍ക്കും സുസ്ഥിരമായ സാമ്പത്തിക സ്ഥിതി കൈവരുമെന്നാണ് കരുതുന്നത്.
Discussion about this post