കണ്ണൂര്‍: സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവം നാളെ മുതല്‍ അഞ്ചു വരെ കണ്ണൂരില്‍. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂളുകളില്‍ നിന്ന് 1600 കുട്ടികള്‍ മൂന്ന് വിഭാഗങ്ങളിലായി മത്സരിക്കും. 2018 ല്‍ നിലവില്‍ വന്ന സ്‌കൂള്‍ കലോത്സവ മാന്വല്‍ അനുസരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ഒമ്പതിനങ്ങളിലും, കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്കായി 15 ഇനങ്ങളിലും, കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്കായി 19 ഇനങ്ങളിലും മത്സരങ്ങള്‍ നടക്കും.
മുന്‍സിപ്പല്‍ സ്‌കൂള്‍ കണ്ണൂര്‍, തളാപ്പ് മിക്സഡ് യുപി സ്‌കൂള്‍ എന്നീ രണ്ട് സ്‌കൂളുകളിലായി എട്ട് വേദികള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒന്നാം ദിവസം മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും രണ്ടും മൂന്നും ദിവസങ്ങളിലായി കാഴ്ച, കേള്‍വി പരിമിതികളുള്ള കുട്ടികള്‍ക്കുമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. 13 സ്‌കൂളുകളിലാണ് മത്സരാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്.
ഓരോ വിഭാഗത്തിലും ഏറ്റവുമധികം പോയിന്റ് നേടുന്ന വിദ്യാലയങ്ങള്‍ക്ക് ട്രോഫി നല്കും. ബുദ്ധിപരമായി വെല്ലുവിളികള്‍ നേടരിടുന്ന വിഭാഗങ്ങള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നല്കും. മൂന്ന് വിഭാഗത്തിലും ലഭിക്കുന്ന ആകെ ഗ്രേഡ് പോയിന്റ് പരിഗണിച്ച് മികച്ച ജില്ലയ്‌ക്കുള്ള സ്വര്‍ണ്ണക്കപ്പ് നല്കും.
കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എന്‍. ബാബു മഹേശ്വരി, പ്രസാദ്, കെ.സി. മഹേഷ്, വി.വി. രതീഷ്, പി. വേണുഗോപാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Discussion about this post